ചേർത്തല:ഒറ്റമശേരിയിൽ കടലാക്രമണം രൂക്ഷമായതോടെ ഒരു കുടുംബത്തെ മാറ്റി പാർപ്പിക്കാനും മണൽചാക്കുകൾ അടുക്കി തീരം സംരക്ഷിക്കാനും തീരുമാനം.കടക്കരപ്പള്ളി പഞ്ചായത്ത് 12,14 വാർഡുകളുടെ ഭാഗമായ ഒറ്റമശേരിയിൽ 450 മീറ്ററോളം ഭാഗത്താണ് കടൽഭിത്തി ഇല്ലാത്തതിനാൽ കടലാക്രമണമുള്ളത്. കൂടുതൽ അപകടസാധ്യതയുള്ള 12–ാം വാർഡിലെ പുന്നക്കൽ ജോസഫ് ആന്റണിയേയും കുടുംബത്തെയുമാണ് മറ്റൊരു വീട്ടിലേക്കു മാറ്റി പാർപ്പിക്കുന്നത്. ഇരുപതോളം വീടുകളിൽ കടൽ കയറുന്നുണ്ട്. കഴിഞ്ഞ ദിവസങ്ങളിലായി 100 മീറ്ററോളം കടൽ കയറിയെന്നു തീരവാസികൾ പറയുന്നു. കടലേറ്റം മൂലം വെള്ളം കിഴക്ക് റോഡുവരെയെത്തി. ഇന്നലെ മന്ത്റി പി. തിലോത്തമൻ, എ.എം. ആരിഫ് എം.പി, കളക്ടർ എ.അലക്‌സണ്ടർ,തഹസിൽദാർ ആർ. ഉഷ എന്നിവർ സ്ഥലം സന്ദർശിച്ചു. ഇതേ തുടർന്നാണ് ഒരു കുടുംബത്തെ മാറ്റാനും മണൽചാക്കുകൾ അടുക്കാനും തീരുമാനമായത്.
ഒറ്റമശേരിയിൽ കഴിഞ്ഞ വർഷവും കടലാക്രമണം രൂക്ഷമായിരുന്നു. ഇവിടെ കടൽഭിത്തിയില്ലാത്തതാണ് കാരണം. കഴിഞ്ഞ വർഷം ആലപ്പുഴ രൂപതയുടെ നേതൃത്വത്തിൽ വൈദികർ അടക്കം കടലിൽ ഇറങ്ങി സമരം ചെയ്തതിനെ തുടർന്ന് താത്കാലികമായി കല്ലിറക്കി കടലോരത്ത് നിരത്തിയിരുന്നു.ഒരു വർഷത്തിനിടെ ഇത് മൂടിപ്പോയി.