ph

 എത്തിയത് ഗുണ്ടാ നേതാവിനെ ആക്രമിക്കാൻ

കായംകുളം: കാപ്പ നിയമപ്രകാരം അറസ്റ്റിലായിട്ടുള്ള യുവാവിനെ വീടുകയറി അക്രമിക്കാനെത്തിയ ആറംഗസംഘം അറസ്റ്റിൽ. ഇവരെ വൈദ്യ പരിശോധനയ്ക്ക് താലൂക്ക് ആശുപത്രിയിലെത്തിച്ചപ്പോൾ സംഘർഷമുണ്ടാക്കാനെത്തിയവരെ പൊലീസ് ലാത്തിവീശി ഒാടിച്ചു.

എരുവ കോട്ടയിൽ ഫിറോസ്ഖാൻ (ഷിനു- 30), കണ്ണംപള്ളി ഭാഗം കാട്ടിശേരി ഷമീം (24), വളയക്കകത്ത് സഫ്ദർ (24), കണിയാൻറ്റയ്യത്ത് അജ്മൽ (21), കടേശേരിൽ ഹാഫിസ് (ജിമോൻ 26), കൊല്ലമ്പറമ്പിൽ നിഷാദ് (22) എന്നിവരാണ് അറസ്റ്റിലായത്. ഇന്നലെ പുലർച്ചെ മൂന്നേകാലോടെയാണ് ആറംഗ സംഘം എരുവ ജിജീസിൽ ആഷിക്കിന്റെ (തക്കാളി) വീട്ടിൽ മാരകായുധങ്ങളുമായി എത്തിയത്. ഒരാൾ മതിൽ ചാടിക്കടന്ന് വീട്ടിലെത്തി ആഷിക്കിനെ വിളിച്ചു. മാതാപിതാക്കൾ പുറത്തുവന്ന് ആഷിക് വീട്ടിലില്ലെന്ന് പറഞ്ഞു. ഈ സമയം ആഷിക്ക് വീട്ടിലുണ്ടായിരുന്നു. ഇതിനിടെ മറ്റുള്ളവരും മതിൽ ചാടി വീട്ടിലെത്തി. വീട്ടുകാർ വിവരമറിയിച്ചതോടെ പൊലീസ് എത്തി അക്രമിസംഘത്തിലെ നാലുപേരെ കസ്റ്റഡിയിലെടുത്തു. പിന്നിട് മറ്റു രണ്ടു പേർ കൂടി പിടിയിലായി.

വൈകിട്ട് നാലരയോടെ ഇവരെ വൈദ്യ പരിശോധനയ്ക്കായി താലൂക്ക് ആശുപത്രിയിലെത്തിച്ചപ്പോൾ ഒരുസംഘം അവിടെയെത്തിയത് സംഘർഷമുണ്ടാക്കി. ഇവരെ പിരിച്ചുവിടാൻ പൊലീസ് ലാത്തി വീശി. അക്രമിസംഘത്തിൽ നിന്നു രണ്ട് വടിവാളുകളും കണ്ടെടുത്തു. സി.ഐ ജി. ഗോപകുമാർ, എസ്.ഐ ഷൈജു ഇബ്രാഹിം എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് ഇവരെ അറസ്റ്റ് ചെയ്തത്. മുൻവൈരാഗ്യമാണ് സംഭവത്തിന് കാരണമെന്ന് പോലീസ് പറഞ്ഞു. ആഷിക്ക് പത്തോളം കേസുകളിലെ പ്രതിയും രണ്ടു തവണ കാപ്പ നിയമപ്രകാരം അറസ്റ്റിലാകുകയും ചെയ്തിട്ടുണ്ട്.