ചേർത്തല:കൊവിഡ് കാലഘട്ടത്തിൽ ഏറ്റവും ശ്രദ്ധ നൽകേണ്ട അതിപ്രധാന മേഖലയായി ഭക്ഷ്യഭദ്റതയെ മാറ്റണമെന്ന് മന്ത്റി പി തിലോത്തമൻ പറഞ്ഞു.സുഭിക്ഷ കേരളം സ്വയംപര്യാപ്ത തണ്ണീർമുക്കം' പദ്ധതി പ്രകാരം ആറു ലക്ഷം പച്ചക്കറിതൈകളുടെ വിതരണോദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്റി.ഓരോ സീസണിലും കൃഷി ചെയ്യുന്നതിന് പകരമായി തുടർച്ചയായി കൃഷിയിലേക്ക് ഇറങ്ങി തിരിക്കണം.പാൽ, പച്ചക്കറി, മത്സ്യം, മുട്ട എന്നിവയിൽ എല്ലാം സ്വയം പര്യാപ്തത കൈവരിക്കാൻ ഈ കൊവിഡ് കാലം ഉപയോഗപ്പെടുത്തണം.സർക്കാർ മുന്നോട്ട് വെച്ചിട്ടുള്ള സുഭിക്ഷ കേരളം പദ്ധതി ലക്ഷ്യം വെക്കുന്നതും ഇതു തന്നെയാണ്. ഭക്ഷ്യ ക്ഷാമ സാദ്ധ്യത ഒഴിവാക്കാൻ എല്ലാവരും മുന്നിട്ടിറങ്ങണമെന്നും മന്ത്റി പറഞ്ഞു.സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി ഓരോ വീടിനും 50 വീതം ആറു ലക്ഷം പച്ചക്കറി തൈകളാണ് തണ്ണീർമുക്കം ഗ്രാമ പഞ്ചായത്ത് വിതരണം ചെയ്യുന്നത്.പഞ്ചായത്ത് പ്രസിഡന്റ് പി.എസ്.ജ്യോതിസ് അദ്ധ്യക്ഷത വഹിച്ചു.ബിനിത മനോജ്, ലിജി,സുനിമോൾ,പ്രസന്നകുമാരി,കൃഷി ഓഫീസർ സമീറ എന്നിവർ പങ്കെടുത്തു. സുഭിക്ഷ പദ്ധതി പ്രകാരം തരിശുരഹിത തണ്ണിർമുക്കം പദ്ധതി ആദ്യം ആരംഭിച്ചിരുന്നു.