തുറവൂർ: പട്ടണക്കാട് മിൽമ കാലിത്തീറ്റ ഫാക്ടറിയിൽ ചുമട്ടു തൊഴിലാളികളും ലോറി ജീവനക്കാരും തമ്മിലുള്ള തർക്കം പരിഹരിച്ചു. ഇതോടെ, അഞ്ച് ദിവസമായി മുടങ്ങിക്കിടന്ന കയറ്റിയിറക്ക് ജോലികൾ പുനരാംഭിച്ചു.

ലോറിയിൽ കാലിത്തീറ്റ കയറ്റുന്നതുമായി ബന്ധപ്പെട്ട് ചുമട്ടു തൊഴിലാളികളും ലോറി ജീവനക്കാരും തമ്മിൽ 15 നാണ് തർക്കം ഉണ്ടായത്. വൈകിട്ട് 4.30ന് ശേഷം ലോഡ് കയറ്റുന്നതിനായി കമ്പനി വളപ്പിൽ ലോറി എത്തിയെങ്കിലും ചുമട്ട് തൊഴിലാളികളിൽ ഏതാനും പേരൊഴികെ എല്ലാവരും കമ്പനിയിൽ നിന്നു പോയിക്കഴിഞ്ഞിരുന്നു. അഞ്ചു മണിക്ക് ശേഷം ലോഡ് കയറ്റാൻ തൊഴിലാളികൾ വിസമ്മതിക്കുകയും ചെയ്തു. അടുത്ത ദിവസമേ ലോഡിംഗ് നടക്കൂ എന്നറിഞ്ഞപ്പോൾ പ്രകോപിതനായ ലോറി ജീവനക്കാരൻ തൊഴിലാളികളെയും ജീവനക്കാരെയും അസഭ്യം പറയുകയായിരുന്നു. തുടർന്നാണു തർക്കം ഉണ്ടായത്. ഇരുവിഭാഗം തൊഴിലാളികളും തമ്മിൽ തർക്കം രൂക്ഷമായതിനെത്തുടർന്നു ലോഡിംഗ് മുടങ്ങി. അസഭ്യം പറഞ്ഞ ലോറി ജീവനക്കാരൻ മാപ്പ് പറയണമെന്ന് തൊഴിലാളികൾ നിലപാടെടുത്തത് നേരിയ സംഘർഷത്തിന് കാരണമായി. ഇതിനിടെ, ലോഡ് കയറ്റാൻ കാത്തുകിടന്ന രണ്ട് ലോറികളുടെ ചില്ലുകൾ തകർത്ത നിലയിൽ കണ്ടു. പ്രശ്നം ഗുരുതരമാകുമെന്ന് മനസിലായതോടെ പട്ടണക്കാട്, കുത്തിയതോട് പൊലീസ് സ്റ്റേഷനുകളിൽ നിന്നു കൂടുതൽ പൊലീസ് സ്ഥലത്തെത്തി.ഇതോടെയാണ് സംഘർഷം അയഞ്ഞത്.

ലോക്ക് ഡൗണിനെ തുടർന്ന് ഫക്ടറിയിൽ മൂവായിരം ടണ്ണോളം കാലീത്തീറ്റ കെട്ടിക്കിടക്കുകയായിരുന്നു. തൊഴിൽ തർക്കത്തെ തുടർന്ന് ചരക്ക് നീക്കം സ്തംഭനാവസ്ഥയിലായെങ്കിലും മാനേജ്മെൻറിൻറ്റെ ഭാഗത്ത് നിന്ന് ശക്തമായ ഇടപെടലുകൾ ഉണ്ടായില്ലെന്ന ആക്ഷേപവുമുണ്ട്.