 പരിപാലന ചെലവ് ബാദ്ധ്യത

ആലപ്പുഴ: അടഞ്ഞു കിടക്കുന്ന ആഡിറ്റോറിയങ്ങൾ ഉടമകൾക്ക് തലവേദനയാകുന്നു. പരിപാലനചെലവും ജീവനക്കാരുടെ ശമ്പളവും ഉൾപ്പെടെയുള്ളവ തങ്ങളുടെ ഇതര വരുമാനങ്ങളിൽ നിന്ന് കണ്ടെത്തേണ്ട അവസ്ഥയാണിപ്പോൾ ഉടമകൾക്ക്.

ജില്ലയിൽ എ.സി, നോൺ എ.സി പട്ടികയിൽ സ്വകാര്യമേഖലയിൽ ഉള്ളത് 100ൽ അധികം ആഡിറ്റോറിയങ്ങളാണ്. ഇതിനു പുറമേ ക്ഷേത്രങ്ങളുടെയും സാമുദായിക, മതസംഘടനകളുടെയും ഉടമസ്ഥതയിൽ ഇത്രയും തന്നെ ആഡിറ്റോറിയങ്ങൾ ജില്ലയിൽ പ്രവർത്തിക്കുന്നുണ്ട്. ഇതിൽ 60 ശതമാനവും എ.സിയാണ്. ക്ഷേത്രങ്ങളുടെയും സാമുദായിക, മത സംഘടനകളുടെയും ഉടമസ്ഥതയിലുള്ളത് പൂർണ്ണമായും നോൺ എ.സിയാണ്.

കൊവിഡിനെ തുടർന്ന് മൂന്നരമാസമായി ആഡിറ്റോറിയങ്ങൾ അടഞ്ഞു കിടക്കുകയാണ്. ഒരുവിധത്തിലുള്ള വരുമാനവും ഉടമകൾക്ക് ലഭിക്കുന്നുമില്ല. എങ്കിലും മാനേജർ, സെക്യൂരിറ്റി, ക്ളീനിംഗ് ജീവനക്കാർ എന്നിവർക്ക് ശമ്പളയിനത്തിൽ പ്രതിമാസം നല്ലൊരു തുക ഉടമകൾ നൽകേണ്ടിവരുന്നു. ഇതിന് പുറമേ ബാങ്ക് വായ്പ അടക്കമുള്ള മറ്റ് തിരിച്ചടവുകളും. ജില്ലയിലെ ഭൂരിപക്ഷം ആഡിറ്റോറിയങ്ങളുടെയും വാടക 10,000 മുതൽ 50,000രൂപ വരെയാണ്. ശീതീകരിച്ച ആഡിറ്റോറിയങ്ങൾക്ക് മാത്രമാണ് ഒരുലക്ഷത്തിൽ അധികം വാടക ഈടാക്കുന്നത്. രണ്ട് മാസം മുമ്പ് ഉദ്ഘാടനം ചെയ്ത മുതുകുളം, ഹരിപ്പാട് മേഖലകളിലെ രണ്ട് ആഡിറ്റോറിയങ്ങളിൽ ഒരു വിവാഹം പോലും നടന്നിട്ടില്ല.

പാർക്കിംഗ് ഉൾപ്പെടെ 1000 പേർ ഇരിക്കാവുന്ന ആഡിറ്റോറിയവും സദ്യാലയവും ഉൾപ്പെടെയുള്ള ആഡിറ്റോറിയ നിർമ്മാണ ചെലവ് നാലു കോടിയോളമാവും. 18 ശതമാനമാണ് ആഡംബര നികുതി. പഴയ ആഡിറ്റോറിയങ്ങൾക്ക് അന്നത്തെ നിർമ്മാണ അനുമതിയനുസരിച്ചുള്ള മാനദണ്ഡങ്ങൾ പാലിച്ചാൽ മതിയെന്ന് മുൻ സർക്കാരിന്റെ കാലത്ത് തീരുമാനം എടുത്തിരുന്നു. ക്ഷേത്രങ്ങളുടെയും സമുദായ സംഘടനകളുടെയും ഉടമസ്ഥതയിലുള്ള ആഡിറ്റോറിയങ്ങളുടെ കെട്ടിട നികുതി കുറവാണ്. ശീതീകരിച്ച ആഡിറ്റോറിയങ്ങളിൽ എ.സിയും ജനറേറ്ററുകളും ആഴ്ചയിൽ രണ്ട് ദിവസമെങ്കിലും പ്രവർത്തിപ്പിക്കേണ്ടി വരും.

........................................

ജില്ലയിലെ കണക്ക്

 ആഡിറ്റോറിയങ്ങൾ: 100

 ക്ഷേത്രം, സമുദായ സംഘടനകൾ: 98 (എല്ലാം നോൺ എ.സി)

(എ.സി-60 ശതമാനം, നോൺ എ.സി-40ശതമാനം)

.......................................

ചെലവ്

# ശമ്പളയിനം: പ്രതിമാസം 45,000 രൂപ

# കെട്ടിട നികുതി: 25,000 മുതൽ 1,00000 ലക്ഷം വരെ

..............................................

കൊവിഡ് പശ്ചാത്തലത്തിൽ ഏർപ്പെടുത്തിയ ഇളവ് ആഡിറ്റോറിയത്തിന്റെ കപ്പാസിറ്റിയുടെ മൂന്നിലൊന്നു പേരെ പങ്കെടുപ്പിക്കുന്ന വിധം ക്രമീകരിക്കാൻ മുഖ്യമന്ത്രിക്കും വ്യവസായ വകുപ്പ് മന്ത്രിക്കും നിവേദനം നൽകും. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഉടമകൾ ശേഖരിച്ച തുക അടുത്ത ദിവസം കൈമാറും. അടഞ്ഞു കിടക്കുന്ന ദിവസങ്ങളിലെ കെട്ടിടനികുതിയും വൈദ്യുത ചാർജും പൂർണ്ണമായും ഒഴിവാക്കാൻ തീരുമാനം ഉണ്ടാകണം

പി.കെ.ജി.പണിക്കർ, സംസ്ഥാന പ്രസിഡന്റ്, കേരള ആഡിറ്റോറിയം ഓണേഴ്സ് അസോസിയേഷൻ