yt

 ആറാട്ടുപുഴ മേഖലയിൽ കടലാക്രമണം രൂക്ഷം

ഹരിപ്പാട്: ആറാട്ടുപുഴ പഞ്ചായത്തിന്റെ തീരദേശ മേഖലയിൽ കടലാക്രമണം രൂക്ഷം. ആറാട്ടുപുഴ മുതൽ കള്ളിക്കാട് വരെ തീരദേശ പാതയും കടലും തമ്മിൽ രണ്ട് മീറ്റർ മാത്രം ദൂരമാണുള്ളത്. ഇവിടങ്ങളിൽ തിരമാലകൾ പതിക്കുന്നത് റോഡിലേക്കാണ്. അതുകൊണ്ടുതന്നെ കാൽനട യാത്ര പോലും ദുസഹമായി.

ഇരുചക്രവാഹനങ്ങളിൽ പോകാൻ ശ്രമിക്കുന്നവർ തിരയിൽപ്പെട്ട് വീണ് പരിക്കേൽക്കുന്നതും പതിവാണ്. നല്ലാണിക്കൽ, വട്ടച്ചാൽ പ്രദേശങ്ങളിൽ ശക്തമായ കടലാക്രമണമാണ് ഉണ്ടാവുന്നത്. നല്ലാണിക്കൽ കഴിഞ്ഞ ദിവസമുണ്ടായ ശക്തമായ കടലാക്രമണത്തിൽ നിരവധി തെങ്ങുകൾ കടപുഴകി. നിരവധി സ്ഥലങ്ങൾ കടലെടുത്തു. നല്ലാണിക്കൽ വാലയിൽ വീരഭദ്രന്റ വീടിന്റെ ശുചിമുറി തകർന്നു. കരിത്തറയിൽ ഗോപാലന്റെ വീട് ഏത് നിമിഷവും കടൽ എടുക്കാവുന്ന അവസ്ഥയിലാണ്. വട്ടച്ചാൽ പ്രദേശത്തും നിരവധി വീടുകൾ കടലാക്രമണ ഭീഷണി നേരിടുന്നുണ്ട്. നല്ലാണിക്കൽ, വട്ടച്ചാൽ പ്രദേശങ്ങളിൽ അടിയന്തിരമായി ചെയ്യുമെന്ന് പ്രഖ്യപിച്ച, ജിയോബാഗുകളിൽ മണൽ നിരത്തൽ വാക്കുകളിൽ മാത്രം തുടരുകയാണ്. പ്രഖ്യാപനങ്ങൾ നടത്തുന്നതല്ലാതെ യാതൊരുവിധ നിർമ്മാണ നടപടികളും ഈ പ്രദേശങ്ങളിൽ നടന്നിട്ടില്ല.

വലിയഴീക്കൽ മുതൽ പതിയാങ്കര വരെ 14.5 കിലോമീറ്റർ ഭാഗത്തെ മത്സ്യത്തൊഴിലാളികളും കയർതൊഴിലാളികളുമാണ് കടലാക്രമണത്തിന്റെ ദുരിതം ഏറെയും അനുഭവിക്കുന്നത്. ഭൂരിഭാഗം പേരുടെയും ഒട്ടുമിക്ക സമ്പാദ്യങ്ങളും കടലെടുത്തു.

തീരം സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് നിരവധി സമരങ്ങളാണ് ഇവിടെ നടന്നിട്ടുള്ളത്. തീരദേശ റോഡ് പലതവണ ഉപരോധിച്ചു. റോഡിൽ കഞ്ഞിവെച്ചു പ്രതിഷേധിച്ചു, സർക്കാർ ഓഫീസുകൾ ഉപരോധിച്ചു. വാഗ്ദാനങ്ങൾ നൽകി പ്രതിഷേധം അവസാനിപ്പിക്കുന്നതല്ലാതെ തുടർ നടപടികൾ ഒന്നുമുണ്ടാവാറില്ലെന്ന് നാട്ടുകാർ ആരോപിക്കുന്നു.

.................................................

 പാഴായ പ്രഖ്യാപനങ്ങൾ

# 80 കോടി: പുലിമുട്ട് നിർമ്മാണം

# 186 കോടി: പുലിമുട്ട് പാടം നിർമ്മിക്കാൻ

# 88 ലക്ഷം: അടിയന്തര നടപടികൾ

...........................................................

 ഇരമ്പുന്ന സുനാമി

2004 ഡിസംബർ 26നുണ്ടായ സുനാമി ആറാട്ടുപുഴയിൽ 29 ജീവനുകളാണ് കവർന്നത്. തുടർന്നു ലഭിച്ച സുനാമി ഫണ്ട് പ്രദേശത്തിന് വേണ്ടത്ര പ്രയോജനം ചെയ്തില്ലെന്ന ആരോപണം അന്നുമുതൽ തന്നെയുണ്ട്. കായംകുളം കായലിൽ കൊച്ചീടെ ജെട്ടിയിൽ ഒരു പാലം ലഭിച്ചതും തറയിൽകടവ് മുതൽ പെരുമ്പള്ളി വരെയുള്ള ഭാഗത്ത് തിരമാലയുടെ ഉയരത്തിന് അനുസരിച്ച് നിർമ്മിച്ച മൂന്ന് കിലോമീറ്റർ നീളമുള്ള കടൽഭിത്തിയും മാത്രമാണ് ഇവിടെ ലഭിച്ചത്.

......................................

# സുനാമി 'സ്മാരക'ങ്ങൾ

 സുനാമി ഫണ്ട് ഉപയോഗിച്ച് പാതിനിർമ്മിച്ച് ഉപേക്ഷിച്ച വലിയഴീക്കൽ, മംഗലം സ്കൂൾ കെട്ടിടങ്ങൾ

 തറയിൽകടവ് സുനാമി ജംഗ്ഷനിലെ ഫിഷറീസ് ഹോസ്പിറ്റലും പെരുമ്പള്ളിയിലെ ക്രസ്റ്റർ പ്രൊഡക്ഷൻ യൂണിറ്റ്, ഒരു പ്രയോജനവും ഇല്ലാതെ നിർമ്മിച്ച വൃദ്ധസദനം, രാമഞ്ചേരിയിൽ കോടികൾ മുടക്കി നിർമ്മിച്ചിട്ടും അവസാനിക്കാത്ത ഫിഷ്മിൽ പ്ലാൻറ്റ്

 കിടത്തി ചികിത്സയ്ക്കായി നിർമ്മിച്ച് ഉപേക്ഷിച്ച ആയുർവേദ ആശുപത്രി കെട്ടിടങ്ങൾ

.........................................

# 5 വർഷം, 15 മീറ്റർ

ആറാട്ടുപുഴ പഞ്ചായത്തിൽ ഇന്ന് ഏറ്റവുമധികം കടൽക്ഷോഭം അനുഭവിക്കുന്നത് നല്ലാണിക്കൽ, വട്ടച്ചാൽ, രാമഞ്ചേരി, പെരുമ്പള്ളി പ്രദേശങ്ങളിലാണ്. നല്ലാണിക്കലിൽ മാത്രം കഴിഞ്ഞ 5 വർഷത്തിനിടെ 15 മീറ്ററോളം സ്ഥലം കടലെടുത്തു. ഈ ഭാഗത്ത് 11 വീടുകൾ കടലേറ്റ ഭീഷണിയിലാണ്. തീരദേശ പാതയും കടലും തമ്മിൽ മൂന്നോ നാലോ മീറ്റർ മാത്രമാണ് ദൂരമുള്ളത്. ഈ ഭാഗത്ത് ബൈക്ക് പോകാൻ പോലും മറ്റൊരു വഴിയില്ലാത്തതിനാൽ ഇവിടെ കടൽക്ഷോഭത്തിൽ റോഡ് മുറിഞ്ഞാൽ പഞ്ചായത്തിനെ രണ്ടായി വിഭജിക്കുന്നതിന് തുല്യമാ

വും.