അമ്പലപ്പുഴ: തോട്ടപ്പള്ളി മുതൽ പുന്നപ്ര വരെയുള്ള തീരത്ത് കടലാക്രമണം ശക്തമായി. പ്രദേശത്തെ നിരവധി വീടുകൾ കടലാക്രമണ ഭീഷണിയിലാണ്.
പുറക്കാട് എസ്.വി.ഡി യു.പി സ്കൂളിന് പടിഞ്ഞാറ് തീരത്തെ പുലിമുട്ട് കടലിലേക്കു താഴ്ന്നു. പുലിമുട്ട് പൂർണമായി തകർന്ന് കടൽഭിത്തിയിലേക്കു തിരമാലകൾ അടിച്ചാൽ പ്രദേശത്തെ 100 ഓളം വീടുകൾ കടലെടുക്കും. പുറക്കാട് 1, 17, 18 വാർഡുകളിലെ തീരപ്രദേശത്താണ് കടലാക്രമണ ഭീതി കൂടുതലുള്ളത്. വരും ദിവസങ്ങളിൽ മഴ ശക്തി പ്രാപിച്ചാൽ ആളുകളെ മാറ്റിപാർപ്പിക്കേണ്ടി വരും. പരീക്ഷണാടിസ്ഥാനത്തിൽ വളഞ്ഞവഴിയിൽ 150 മീറ്ററിൽ സ്ഥാപിച്ചിരുന്ന ജിയോ ട്യൂബ് പൂർണമായും നശിച്ചു.50 മീറ്ററോളം ഭാഗത്ത് മണൽചാക്കു നിറച്ചുവച്ചിരുന്നതും കടലെടുത്തു. മഴ കടുത്തതോടെ ആശങ്കയിലാണ് ജനം.