ആലപ്പുഴ: കൊവിഡ് ജാഗ്രതാ നിർദ്ദേശങ്ങൾ കർശനമായി പാലിക്കുന്നെന്ന് ഉറപ്പാക്കാൻ ജില്ലയിൽ നടപടികൾ ഊർജിതമാക്കാൻ പൊലീസ്. അതിർത്തി പ്രദേശങ്ങളിലും തിരക്കേറിയ മാർക്കറ്റുകളിലും പ്രധാന നിരത്തുകളിലും വാഹന പരിശോധന കർശനമാക്കി. അനുവദനീയമായ സമയത്തല്ലാതെ കടകൾ പ്രവർത്തിച്ചാൽ നടപടിയെടുക്കും. സംസ്ഥാന പൊലീസ് മേധാവിയുടെ നിർദേശത്തെ തുടർന്ന് ഒരു ഇടവേളക്ക് ശേഷം ഇന്നലെ വിവിധ ഭാഗങ്ങളിൽ പൊലീസ് പരിശോധന ശക്തമാക്കിയിരുന്നു.
ഷോപ്പുകൾ അത്യാവശ്യ കാര്യങ്ങൾക്ക് തുറക്കുമ്പോൾ അവിടെയെത്തുന്നവർ തമ്മിൽ കൃത്യമായ അകലം പാലിക്കുകയും കൈയും ശരീരഭാഗങ്ങളും വാതിലിലും മേശമേലും സ്പർശിക്കാതിരിക്കാൻ ശ്രദ്ധിക്കുകയും വേണം എന്ന് ആരോഗ്യ പ്രവർത്തകർ നിർദ്ദേശിച്ചു.
പൊലീസിനോടൊപ്പം ആരോഗ്യ വകുപ്പ്, ത്രിതല പഞ്ചായത്ത് അധികാരികൾ, മോട്ടോർ വാഹന വകുപ്പ്, എക്സൈസ് എന്നീ വകുപ്പുകൾ ആദ്യഘട്ടത്തിൽ പരിശോധനയിൽ സജീവമായിരുന്നെങ്കിലും ഇപ്പോൾ രംഗത്ത് ഇല്ല.
മാസ്ക് ധരിക്കുന്നുണ്ടോ എന്നതിൽ മാത്രം പരിശോധന ഒതുങ്ങിയിരുന്നു. ഇതിൽ മാറ്റം വരുത്താനാണ് തീരുമാനം.