ആലപ്പുഴ: കാറിന്റെ ടയറിൽ കെട്ടിയിട്ടിരുന്ന നിലയിൽ പത്രത്തിൽ കണ്ടതോടെ നാടാകെ തിളങ്ങിയ 'ലോക്ക്ഡൗണിലെ അശ്വരഥം' റയനാൻ ആണ് ഇപ്പോൾ നാട്ടിലെ താരം. കഴിഞ്ഞ മേയ് 11ന് 'കേരളകൗമുദി' ഒന്നാം പേജിൽ പ്രസിദ്ധീകരിച്ച വെള്ളക്കുതിര റയനാന് ഇതോടെ ആരാധകർ കൂടുകയായിരുന്നു.
ആലപ്പുഴ ബീച്ച് റോഡിൽ ലാൽബാഗ് എന്ന വീട്ടിലെ 'സ്ഥിരാംഗ'മാണ് ഏഴുവയസുകാരി റയനാൻ. റയ എന്ന് വിളിപ്പേര്.
പ്രവാസജീവിതത്തിനുശേഷം ഹോം സ്റ്റേ നടത്തുന്ന ജോൺസൺ ഗിൽബർട്ടിനും ഭാര്യയും ഇറാഖ് സ്വദേശിനിയുമായ ഏയ്ഞ്ചലയ്ക്കും റയ വെറുമൊരു സുന്ദരിക്കുതിരയല്ല; മക്കളില്ലാത്ത വിഷമം മറികടക്കാനുള്ള ആശ്വാസം കൂടിയാണ്. വീടിന് സമീപം പുല്ലുള്ള പ്രദേശത്ത് തീറ്റയെടുക്കാൻ എത്തിച്ച കുതിരയെ തന്റെ കാറിന്റെ ടയറിൽ ജോൺസൺ കെട്ടിയിട്ടിരുന്ന ചിത്രമാണ് കേരളകൗമുദിയിലൂടെ റയയെ പ്രസിദ്ധയാക്കിയത്.
റയ എന്ന സ്നേഹവിളിയിൽ പരിചയക്കാർക്ക് ഷേക് ഹാൻഡും മുത്തവും നൽകാൻ അവൾ ഒരുക്കമാണ്. 2013ൽ തൃപ്പൂണിത്തുറയിൽ നിന്നാണ് രണ്ട് മാസം പ്രായമുണ്ടായിരുന്ന റയയെ ജോൺസൺ സ്വന്തമാക്കിയത്. സാധാരണ കുതിരകളെപ്പോലെയല്ല, എല്ലാവരോടും പെട്ടെന്ന് ഇണങ്ങും. എന്നും ആലപ്പുഴ ബീച്ചിൽ ഒരു റൈഡ് റയയ്ക്ക് നിർബന്ധമാണ്. കൂട്ടിന് പരിശീലകൻ ഹരിയുമുണ്ടാകും. പോകുന്ന വഴിയിൽ പ്രദേശത്തെ അഷറഫിന്റെ പഴക്കടയിലും നവാസിന്റെ പച്ചക്കറിക്കടയിലും ഹാജർവയ്ക്കും. അവർ നൽകുന്ന പഴങ്ങളും പച്ചക്കറികളും ആസ്വദിച്ചാണ് ബാക്കി യാത്ര. ആലപ്പുഴയിലെത്തിയ നാൾ മുതൽ ഈ കടകളിൽ റയ നിത്യ സന്ദർശകയാണ്. തങ്ങളെ നേരിൽ കണ്ടില്ലെങ്കിൽ കാത്തുനിൽക്കുന്ന പതിവും റയയ്ക്കുണ്ടെന്ന് അഷറഫ് പറയുന്നു.
മറ്റിടങ്ങളിൽ സഞ്ചാരികൾക്ക് സവാരി നടത്താൻ തക്ക രീതിയിൽ ഇണക്കുമ്പോൾ, ഇവിടെ റയ കുടുംബത്തിലെ അംഗമാണ്.