ആലപ്പുഴ: ജില്ലയിൽ ഇന്നലെ ഒരുകുടുംബത്തിലെ നാലുപേർ ഉൾപ്പെടെ പത്തു പേർക്കുകൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 92 ആയി.
വിദേശത്തു നിന്നും വന്ന അഞ്ചുപേരും തമിഴ്‌നാട്ടിൽ നിന്നും വന്ന അഞ്ചുപേരുമാണ് രോഗബാധിതർ. ഇന്നലെ നാലു സ്ത്രീകൾ ഉൾപ്പെടെ ഒൻപത് പേർ രോഗമുക്തി നേടി. രോഗം സ്ഥിരീകരിച്ച മൂന്നുപേരെ ഹരിപ്പാട് ആശുപത്രിയിലും ഏഴുപേരെ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു . ചെന്നൈയിൽ നിന്ന് 18ന് സ്വകാര്യവാഹനത്തിൽ എത്തിയ അച്ഛനും അമ്മയും രണ്ടു പെൺകുട്ടികളും അടങ്ങിയ കുടുംബം, കുവൈറ്റിൽ നിന്നും 13ന് കൊച്ചിയിൽ എത്തിയ കുമാരപുരം സ്വദേശിയായ യുവാവ് , തമിഴ്നാട്ടിൽ നിന്നും 3ന് സ്വകാര്യ വാഹനത്തിൽ എത്തിയ 57വയസുള്ള കഞ്ഞിക്കുഴി സ്വദേശി, കുവൈറ്റിൽ നിന്നും 11ന് തിരുവനന്തപുരത്തു എത്തിയ പാലമേൽ സ്വദേശിയായ യുവാവ്, കുവൈറ്റിൽ നിന്നും 11ന് കൊച്ചിയിൽ എത്തിയ 52വയസുള്ള പുന്നപ്ര സ്വദേശി, ദുബായിൽ നിന്നും 10ന് കൊച്ചിയിൽ എത്തിയ നൂറനാട് സ്വദേശിയായ യുവാവ്, ബഹറിനിൽ നിന്നും 6ന് കൊച്ചിയിൽ എത്തിയ നൂറനാട് സ്വദേശി എന്നിവർക്കാണ് രോഗം സ്ഥിരീകരിച്ചത്.
നിരീക്ഷണത്തിൽ 6830 പേർ
ജില്ലയിൽ നിലവിൽ 6830 പേരാണ് കൊവിഡ് നിരീക്ഷണത്തിലുള്ളത് . 111പേരാണ് ആശുപത്രിയിൽ നിരീക്ഷണത്തിലുള്ളത്. 602പേരെ പുതുതായി ഹോം ക്വാറന്റൈനിൽ ഉൾപ്പെടുത്തി.