ചേർത്തല:കൊവിഡ്19 അനുദിനം വർദ്ധിക്കുന്ന സാഹചര്യത്തിൽ തണ്ണീർമുക്കത്ത് അണുനശീകരണത്തിൽ വനിതാ മുന്നേറ്റം ശ്രദ്ധേയമാകുന്നു. പഞ്ചായത്ത് തെരഞ്ഞെടുത്ത പത്ത് കുടുംബശ്രീ അംഗങ്ങൾ ചേർന്ന ടീം കുടുംബശ്രീ റാപ്പിഡ് ആക്ഷൻ ഫോഴ്‌സ് എഗൈൻസ്റ്റ് കൊവിഡ്19 (ക്രാക്ക്) എന്ന പേരിലാണ് പുതിയ പദ്ധതി.
ഗ്രാമപഞ്ചായത്ത് പ്രദേശത്ത് വിദേശത്തു നിന്നും ഇതര സംസ്ഥാനങ്ങളിൽ നിന്നും ഏകദേശം 1400 പേരാണ് നാട്ടിൽ എത്താനുളളത്. ക്വാറന്റൈനിൽ വീടുകളിലും സ്ഥാപനങ്ങളിലും കഴിയുന്നവരുടെ താമസ സ്ഥലത്തെത്തി ക്രാക്ക് വാളണ്ടിയേഴ്‌സ് അണു നശീകരണം നടത്തും. പഞ്ചായത്ത്, ആശുപത്രി,ബസ് സ്റ്റാന്റ്, പൊതുസ്ഥലങ്ങൾ,തുറക്കുന്ന മുറയ്ക്ക് സ്‌കൂളുകളുംഅണു നശീകരണം നടത്തും. ഇതിനായി പഞ്ചായത്ത് പത്ത് വാളന്റിയേഴ്‌സിനായി യൂണിഫോമും സ്പ്രേയറും വാങ്ങി നൽകി. ഇവർക്ക് ഇൻഷ്വറൻസ് പരിരക്ഷയും ഉറപ്പാക്കിയിട്ടുണ്ട്.
പദ്ധതിയുടെ ഉദ്ഘാടനം എ.എം.ആരീഫ് എം.പി യുംസിനിമതാരം എഴുപുന്ന ബൈജുവും ചേർന്ന് നിർവഹിച്ചു.പ്രസിഡന്റ് പി.എസ്.ജ്യോതിസ് അദ്ധ്യക്ഷനായി.സുധർമ്മ സന്തോഷ്,ബിനിത മനോജ്,കെ.ജെ.സെബാസ്റ്റ്യൻ,സനൽനാഥ്,സാനുസുധീന്ദ്രൻ,കെ.സി.രമേശ്ബാബു എന്നിവർ പങ്കെടുത്തു.പഞ്ചായത്ത് സെക്രട്ടറി സുനിൽകുമാർ സ്വാഗതവും സി.ഡി.എസ് ചെയർപേഴ്‌സൺ ശ്രീജഷിബു നന്ദിയും പറഞ്ഞു.