ആലപ്പുഴ : മഴയിൽ മരം വീണ് വീട് തകർന്ന വീട്ടമ്മയ്ക്ക് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ കൈത്താങ്ങ്. മാന്നാർ യൂണിയനിലെ 3333 ാം നമ്പർ ഒരിപ്രം ശാഖാ യോഗത്തിലെ പ്രസന്നയുടെ വീടാണ് കഴിഞ്ഞ ദിവസം സമീപവാസിയുടെ പറമ്പിലെ തേക്കുമരം വീണ് തകർന്നത്.
വീട് വാസയോഗ്യമല്ലാതായവിവരം യൂണിയൻ ഭാരവാഹികൾ ശ്രദ്ധയിൽപ്പെടുത്തിയതിന്റെ അടിസ്ഥാനത്തിലാണ് യോഗം ജനറൽ സെക്രട്ടറി പ്രാഥമിക ധനസഹായം എത്തിച്ചത്. ശാഖായോഗം ഹാളിൽ നടന്ന ചടങ്ങിൽ യൂണിയൻ ചെയർമാൻ ഡോ.എം.പി വിജയകുമാർ ചെക്ക് പ്രസന്നയ്ക്ക് കൈമാറി. കൺവീനർ ജയലാൽ എസ്. പടീത്ര , അഡ്മിനിസ്ട്രേറ്റിവ് കമ്മിറ്റി അംഗങ്ങളായ ദയകുമാർ ചെന്നിത്തല, നുന്നു പ്രകാശ്, ഹരി പാലമൂട്ടിൽ, ശാഖ ഭാരവാഹികളായ വിനോദ്, പശുപാലൻ, രവീന്ദ്രൻ , രാജീവ്, വിജയൻ , ഗോപി , പൊന്നമ്മ , രോഹിണി, പ്രസന്ന, രവീന്ദ്രൻ എന്നീവർ പങ്കെടുത്തു. യൂണിയൻ അതിർത്തിയിലെ ശാഖാ യോഗങ്ങളിലെ കിടപ്പു രോഗികൾക്കായുള്ള സഹായ വിതരണം വരുംദിവസങ്ങളിൽ നടക്കും.