ആലപ്പുഴ:തീരദേശ മേഖലയിലെ കുട്ടികളുടെ വിദ്യാഭ്യാസ പുരോഗതി ലക്ഷ്യമാക്കിയുള്ള പ്രതിഭാതീരം പദ്ധതി സംസ്ഥാന വ്യാപകമായി നടപ്പാക്കുമെന്ന് മത്സ്യഫെഡ് ചെയർമാൻ പി. പി. ചിത്തരഞ്ജൻ പറഞ്ഞു. കെ.എസ്.എഫ്.ഇ സഹായത്തോടെ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ സജ്ജീകരിച്ചിട്ടുള്ള മത്സ്യഫെഡ് ഓൺലൈൻ പഠന കേന്ദ്രങ്ങൾ ഉദ്ഘാടനം ചെയ്യുകയായിരുന്നു ചിത്തരഞ്ജൻ.
പായൽകുളങ്ങര എവർഷൈൻ വായനശാല, പുറക്കാട് തരംഗം വായനശാല, വലിയഴീക്കൽ സമീക്ഷ സാംസ്‌കാരിക വേദി, വലിയഴീക്കൽ ശ്രീമുരുക, വലിയഴീക്കൽ തണൽ ഗ്രന്ഥശാല, കള്ളിക്കാട് മത്സ്യത്തൊഴിലാളി സഹകരണ സംഘം ഹാൾ, പതിയാങ്കര മത്സ്യത്തൊഴിലാളി സഹകരണ സംഘം ഹാൾ, പതിയാങ്കര പല്ലന മത്സ്യത്തൊഴിലാളി സഹകരണ സംഘം ഹാൾ എന്നിവിടങ്ങളിലാണ് പുതുതായി ഓൺലൈൻ പഠന കേന്ദ്രങ്ങൾ ആരംഭിച്ചത്.
മത്സ്യഫെഡ് ജില്ലാ ഡെപ്യുട്ടി മാനേജർ കെ.സജീവൻ, അമ്പലപ്പുഴ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് മായാ ദേവി, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ ബബിതാ ജയൻ, എ ആർ കണ്ണൻ, കള്ളിക്കാട് മത്സ്യത്തൊഴിലാളി സഹകരണ സംഘം പ്രസിഡന്റ് എസ് ബിനു, പതിയാങ്കര മത്സ്യത്തൊഴിലാളി സഹകരണ സംഘം പ്രസിഡന്റ് കെ തമ്പി, പതിയാങ്കര പല്ലന മത്സ്യത്തൊഴിലാളി സഹകരണ സംഘം പ്രസിഡന്റ് ചെല്ലപ്പൻ, തറയിൽക്കടവ് മത്സ്യത്തൊഴിലാളി സഹകരണ സംഘം പ്രസിഡന്റ് സുനിൽ, മത്സ്യഫെഡ് പ്രോജക്ട് ഓഫീസർമാരായ നീതു, ഷാന തുടങ്ങിയവർ വിവിധ കേന്ദ്രങ്ങളിൽ പങ്കെടുത്തു.