പാഠപുസ്തകം പായ്ക്ക് ചെയ്യുന്നത് കുടുംബശ്രീ
ആലപ്പുഴ : സംസ്ഥാനത്ത് പാഠപുസ്തക വിതരണത്തിൽ കൈത്താങ്ങുമായി കുടുംബശ്രീ പ്രവർത്തകർ. പുസ്തകങ്ങൾ തരംതിരിച്ച് പാക്ക് ചെയ്യുന്ന സേവനങ്ങൾ കുടുംബശ്രീ മുഖേന നടപ്പാക്കുന്നതിന് കെ.ബി.പി.എസിന് പൊതുവിദ്യാഭ്യാസവകുപ്പ് അനുമതി നൽകിയിരുന്നു.
രാവിലെ 7 മുതൽ വൈകിട്ട് 6വരെയാണ് കുടുംബശ്രീ പ്രവർത്തകരുടെ സേവനം. എറണാകുളം കാക്കനാടുള്ള കേരള ബുക്ക്സ് ആൻഡ് പബ്ലിക്കേഷൻ സൊസൈറ്റിയിൽ (കെ.ബി.പി.എസ്) അച്ചടിച്ചു തയാറാക്കുന്ന പുസ്തകങ്ങളാണ് എല്ലാ ജില്ലകളിലുമുള്ള പാഠപുസ്തക ഹബ്ബുകളിലേക്ക് എത്തിക്കുന്നത്. ആലപ്പുഴ ജില്ലയിലെ ഹബ്ബ് ഗവ. ഗേൾസ് ഹൈസ്കൂളിലാണ് പ്രവർത്തിക്കുന്നത്. ഇവിടെ നിന്ന് സ്കൂൾ സൊസൈറ്റികളിൽ പുസ്തകങ്ങൾ എത്തിക്കും. സൊസൈറ്റികളിൽ നിന്ന് അതത് സ്കൂളുകളിലേക്ക് പുസ്തകങ്ങൾ എത്തിക്കുകയും രക്ഷിതാക്കളെ വിളിച്ച് വരുത്തി വിതരണം ചെയ്യുകയുമാണ് രീതി. ഓരോ സൊസൈറ്റിയുടെയും ആവശ്യം അനുസരിച്ചാണ് പാക്കിംഗ് . ഹബ്ബിൽ എത്തി പുസ്തകം സ്വീകരിക്കാനാവാത്ത സൊസൈറ്റികളിലേക്ക് പുസ്തകക്കെട്ടുകൾ എത്തിച്ച് നൽകുവാനും കുടംബശ്രീ തയ്യാറാണ്. മലപ്പുറം, കോഴിക്കോട്, പാലക്കാട്, ആലപ്പുഴ ജില്ലകളിലെ പുസ്തകവിതരണം 90 ശതമാനം പൂർത്തിയായി. ബാക്കിയുള്ള ജില്ലകളിൽ ജൂൺ 30നകം പൂർത്തിയാക്കാനാണ് കുടുംബശ്രീ ലക്ഷ്യമിട്ടിട്ടുള്ളത്. ഹബ്ബുകളിൽ സൂപ്പർവൈസർ, പാക്കിംഗ് ജീവനക്കാർ, വിതരണത്തിനെത്തിക്കുന്നവർ എന്നിങ്ങനെ മൂന്ന് വിഭാഗമായാണ് ജീവനക്കാരെ നിയോഗിച്ചിട്ടുള്ളത്.
ഇപ്പോൾ നടക്കുന്നത്
ഓൺലൈൻ ക്ലാസുകൾ ആരംഭിച്ചതിനാൽ ഓണപ്പരീക്ഷ വരെയുള്ള പാഠഭാഗങ്ങളടങ്ങിയ പുസ്തകങ്ങളുടെ വിതരണമാണ് ഇപ്പോൾ നടക്കുന്നത്. മൂന്ന് ഘട്ടങ്ങളായാണ് അദ്ധ്യയനവർഷത്തിൽ പുസ്തകങ്ങൾ വിതരണം ചെയ്യുക.
260 : ജില്ലയിൽ 260 സ്കൂൾ സൊസൈറ്റികൾക്ക് വേണ്ടിയാണ് ക്ലാസും വിഷയവും തരംതിരിച്ച് പുസ്തകങ്ങൾ പാക്ക് ചെയ്ത് നൽകുന്നത്
പാഠപുസ്തകവും കുടുംബശ്രീയും
സംസ്ഥാനത്ത് പാഠപുസ്തക പാക്കിംഗിന് നിയോഗിച്ചിരിക്കുന്നത് : 221 കുടുംബശ്രീ അംഗങ്ങൾ
ആലപ്പുഴയിലെ ഹബ്ബിൽ പ്രവർത്തിക്കുന്നത് : 15 അംഗങ്ങൾ
പാക്കിംഗ് ജീവനക്കാർക്ക് പ്രതിദിന വേതനം: 750 രൂപ
'' വൈകിയാണ് പ്രവർത്തനം ആരംഭിച്ചതെങ്കിലും ഫലപ്രദമായാണ് പുസ്തകവിതരണം നടക്കുന്നത്. വിവിധ സൊസൈറ്റികളിൽ നിന്നും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. കഴിഞ്ഞ വർഷം വരെ വിവിധ ഏജൻസികളെ വച്ച് നടത്തിയിരുന്ന പ്രവർത്തനം ഇത്തവണ കുടുംബശ്രീക്ക് നൽകിയതിൽ സന്തോഷമുണ്ട്.
ജെ. പ്രശാന്ത് ബാബു, ജില്ലാ മിഷൻ
കോ ഓർഡിനേറ്റർ, കുടുംബശ്രീ