ക്വാറന്റൈൻ ഒരുക്കൽ വെല്ലുവിളി
ആലപ്പുഴ: ലോക്ക്ഡൗൺ പ്രഖ്യാപിച്ച് മൂന്ന് മാസം തികയുമ്പോൾ കൊവിഡുമായി ബന്ധപ്പെട്ട് ജില്ലയുടെ മൊത്തത്തിലുള്ള സ്ഥിതി കൈപ്പിടിയിലൊതുങ്ങിയിട്ടുണ്ട്. കൊവിഡ് പ്രതിരോധപ്രവർത്തനങ്ങളും ചികിത്സാ സംവിധാനങ്ങളും കുറ്റമറ്റ വിധം ഏകോപിപ്പിക്കുന്നതിൽ ജില്ലാഭരണകൂടം മികവു കാട്ടുമ്പോഴും ക്വാറന്റൈൻ സംവിധാനമൊരുക്കലാണ് വെല്ലുവിളി. വിദേശത്തു നിന്നും സംസ്ഥാനത്തിന് പുറത്തുനിന്നും എത്തിയവവർ വീടുകളിൽ ക്വാറന്റൈനിൽ പോകാൻ വിമുഖത കാട്ടുന്നതാണ് പ്രധാന പ്രശ്നം.
വീടുകളിൽ സൗകര്യമുണ്ടെങ്കിലും പലരും ക്വാറന്റൈനിൽ വീട്ടിലേക്ക് പോകാൻ താത്പര്യം കാട്ടുന്നില്ല. വീട്ടുകാരുടെ അനാവശ്യ ഭീതിയാണ് പ്രധാന കാരണം. പണം നൽകി ക്വാറന്റൈനിൽ താമസിക്കാൻ ചില ഹോട്ടലുകളിൽ അധികൃതർ സൗകര്യമൊരുക്കിയിട്ടുണ്ടെങ്കിലും സാമ്പത്തിക ബുദ്ധിമുട്ടില്ലാത്തവർ പോലും അതിന് തയ്യാറാവുന്നില്ല.പണം നൽകാതെ താമസിക്കണമെന്നതാണ് മിക്കവരുടെയും നിർബന്ധം.നഗരസഭകളും ഗ്രാമപഞ്ചായത്തുകളും ക്വാറന്റൈൻ സൗകര്യമൊരുക്കാൻ ഏറെ ബുദ്ധിമുട്ടുന്നുണ്ട്. വിദേശത്തു നിന്നുള്ള മിക്ക വിമാനങ്ങളും രാത്രിയിലാണ് നെടുമ്പാശേരിയിലും കൊച്ചിയിലും എത്തുന്നത്.അവിടെ നിന്ന് കെ.എസ്.ആർ.ടി.സി ബസുകളിൽ ജില്ലയിലേക്ക് എത്തുമ്പോഴേക്കും ഒരു നേരമാവും. ആദ്യ ടെസ്റ്റിൽ നെഗറ്റീവ് ആകുന്നവരെ ഏഴു ദിവസത്തിന് ശേഷം വീടുകളിലെ ക്വാറന്റൈനിൽ വിടാൻ നേരത്തെ തീരുമാനിച്ചിരുന്നെങ്കിലും ഇപ്പോൾ 14 ദിവസത്തിന് ശേഷം വിട്ടാൽ മതിയെന്നാണ് തീരുമാനം.
ഹൗസ് ബോട്ടുകൾ വേണ്ട!
ക്വാറന്റൈൻ ആവശ്യത്തിനായി മൂവായിരത്തോളം മുറികളാണ് നിലവിൽ ജില്ലാ ഭരണകൂടം കണ്ടെത്തിയിട്ടുള്ളത്. ഇതിൽ പലകേന്ദ്രങ്ങളിലെയും മുറികളിൽ വേണ്ടത്ര സജ്ജീകരണങ്ങളില്ല. ആലപ്പുഴയിൽ ലഭ്യമായ 500 ഓളം ഹൗസ് ബോട്ടുകളിലെ മുറികൾ ക്വാറന്റൈൻ മുറികളാക്കാൻ നേരത്തെ തീരുമാനിച്ചിരുന്നു. എന്നാൽ പല ഹൗസ് ബോട്ടുകളിലും സുസജ്ജമായ ടോയ്ലെറ്റ് സംവിധാനങ്ങളില്ലാത്ത സാഹചര്യത്തിൽ ഉപയോഗപ്പെടുത്തേണ്ടെന്നാണ് ഇപ്പോഴത്തെ തീരുമാനം.
ഹോട്ടലുകളിലും പരാതി
മുറികൾ സജ്ജമാക്കിയിട്ടുള്ള ചില ഹോട്ടലുകൾ വേണ്ടവിധം ശുചീകരണം നടത്തുന്നില്ലെന്ന ആക്ഷേപവും ഉയർന്നിട്ടുണ്ട്.അധികൃതർ ഇതിന് പണം നൽകുമെങ്കിലും ശുചീകരണ ജോലികൾക്ക് ആളെ കിട്ടുന്നില്ലെന്നതാണ് അവരുടെ ന്യായം.ആരോഗ്യവകുപ്പും ജില്ലാ ഭരണകൂടവും ഇടവിട്ട് പരിശോധനകൾ നടത്തുന്നുണ്ട്.
.........................................
കേസുകളുടെ എണ്ണത്തിൽ ആശങ്കാജനകമായ വർദ്ധന ഇല്ലാത്തതാണ് വലിയ ആശ്വാസം. ഇതേ അവസ്ഥ നിലനിറുത്തിപോകാനുള്ള ശ്രമങ്ങളാണ് ജില്ലാ ഭരണകൂടവും ആരോഗ്യ വകുപ്പും മറ്റ് വകുപ്പുകളും നടത്തുന്നത്
എ.അലക്സാണ്ടർ, കളക്ടർ