ആലപ്പുഴ:സംസ്ഥാന വനം വകുപ്പിന്റെ സഹകരണത്തോടെ മൃഗ സംരക്ഷണ വകുപ്പ് 40 ദിവസത്തെ ഖരാഹാരം ആനകൾക്ക് നൽകുന്ന പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം മാരാരിക്കുളത്ത് ആനയുടമ കൃഷ്ണപ്രസാദിന്റെ വസതിയിൽ മന്ത്റി പി. തിലോത്തമൻ നിർവഹിച്ചു.
ഗോതമ്പ്, റാഗി, മുതിര, ശർക്കര,ഉപ്പ്, മഞ്ഞൾപ്പൊടി, ചെറുപയർ എന്നിവ അടങ്ങിയ എട്ട് ഇനം ഖരാഹാരമാണ് ആനകൾക്ക് നൽകുന്നത്. കോടനാട് ആന പരിപാലന കേന്ദ്രത്തിൽ നിന്നാണ് ആഹാര സാധനങ്ങൾ എത്തിച്ചത്. ജില്ലയിൽ 10 ഉടമകളുടെ 17 ആനകൾക്കാണ് ആഹാരം നൽകുന്നത്. ഒരു ദിവസം 800 രൂപയുടെ ഖരാഹാരമാണ് ആനകൾക്ക് വേണ്ടത്. ഇതിൽ 400 രൂപയുടെ സൗജന്യ ആഹാരം മൃഗ സംരക്ഷണ വകുപ്പ് നൽകും.