s

സ്മാർട്ട് ഫോൺ പഠനം നീളുന്നത് ആശങ്ക

ആലപ്പുഴ: ഓൺലൈൻ പഠനത്തിനുവേണ്ടി തുടർച്ചയായി സ്മാർട്ട് ഫോൺ ഉപയോഗിക്കുന്നത് കുട്ടികളിൽ നേത്ര രോഗങ്ങൾക്ക് കാരണമായേക്കാമെന്ന് വിദഗ്ദ്ധർ. ജില്ലയിലെ ഒരു സ്വകാര്യ സ്കൂളിൽ രണ്ടര മണിക്കൂർ വരെ നീണ്ടു നിൽക്കുന്ന ക്ലാസുകൾ രക്ഷിതാക്കളുടെ പരാതിയെത്തുടർന്ന് കഴിഞ്ഞദിവസം വെട്ടിച്ചുരുക്കിയിരുന്നു. എന്നാൽ പഠന സമയം കഴിഞ്ഞാലും കുട്ടികൾ ഫോൺ ഗെയിമുകൾ തുടരുന്നത് രോഗങ്ങളെ ക്ഷണിച്ചുവരുത്തുകയാണെന്ന് ഡോക്ടർമാർ പറയുന്നു.

അര മണിക്കൂർ വീതം ദിവസം പരമാവധി രണ്ട് വിഷയങ്ങൾ എന്ന തരത്തിലാണ് ഭൂരിഭാഗം സ്കൂളുകളും സമയം ക്രമീകരിച്ചിരിക്കുന്നത്. ഒന്നിടവിട്ട ദിവസങ്ങളിലേക്ക് ടൈംടേബിൾ ക്രമീകരിക്കുന്നതും കുട്ടികളിലുണ്ടാവാൻ സാദ്ധ്യതയുള്ള നേത്ര രോഗങ്ങൾക്ക് തടയിടും. സർക്കാർ സ്കൂളുകളിൽ എല്ലാവർഷവും കുട്ടികളുടെ കണ്ണ് പരിശോധന നടത്താറുണ്ട്. ഇത്തരം ക്യാമ്പുകൾ സ്വകാര്യ സ്കൂളുകളിൽ കൂടി നിർബന്ധമാക്കണമെന്ന് ഡോക്ടർമാരുടെ അഭിപ്രായം. ഓൺലൈൻ ക്ലാസുകൾക്കു മുമ്പ് ഓരോ കുട്ടിയുടെയും വിഷൻ ടെസ്റ്റ് നടത്തേണ്ടത് അനിവാര്യമാണെന്ന് ആലപ്പുഴ ജനറൽ ആശുപത്രിയിലെ നേത്രരോഗ വിദഗ്ദ്ധ ഡോ.ജെ.മീര പറയുന്നു. സ്മാർട്ട് ഫോണിൽ സൂക്ഷ്മമായി നോക്കിയിരിക്കുന്നതിന്റെ ദൈർഘ്യം കൂടുമ്പോഴാണ് കണ്ണിന് ആയാസം (സ്ട്രെസ്) അനുഭവപ്പെടുന്നത്. കാഴ്ച മങ്ങൽ, വസ്തുക്കളെ രണ്ടായി കാണുക, ക്ഷീണം, അകലത്തിലുള്ള കാഴ്ച വ്യക്തമാകാതിരിക്കുക, തലവേദന, കണ്ണ് വേദന എന്നിവയാണ് അസ്തെനോപ്പിയ എന്നറിയപ്പെടുന്ന ഈ രോഗത്തിന്റെ ലക്ഷണങ്ങൾ. ഓൺലൈൻ ക്ലാസുകൾക്ക് ശേഷവും ദീർഘസമയം സ്ക്രീനിലേക്ക് നോക്കിയിരിക്കുന്നത്, ഐ.ടി മേഖലയിലുള്ളവരെ സ്ഥിരമായി ബാധിക്കുന്ന കമ്പ്യൂട്ടർ വിഷൻ സിൻഡ്രോമിന് സമാനമായ അവസ്ഥയിലേക്ക് എത്തിച്ചേക്കും.

.......................................

# പ്രധാന പ്രശ്നങ്ങൾ

കണ്ണിന് വരൾച്ച, വേദന, ചൊറിച്ചിൽ, തലവേദന, മങ്ങിയ കാഴ്ച, കണ്ണിൽ വെള്ളം നിറയൽ

.............................................................

# നിർദേശങ്ങൾ

 ക്ലാസുകൾക്ക് പരമാവധി അര മണിക്കൂർ ദൈർഘ്യം

 ഒരു ദിവസം രണ്ട് വിഷയങ്ങൾ മാത്രം

 കുട്ടികൾക്ക് വിഷൻ ടെസ്റ്റ് നിർബന്ധമാക്കുക

 സ്ക്രീനുമായി നിശ്ചിത അകലം പാലിക്കുക

 20 മിനിറ്റ് കൂടുമ്പോൾ ഇടവേള

 ഇടവേളകളിൽ കണ്ണ് കഴുകുക, വെള്ളം കുടിക്കുക

 കണ്ണട വെയ്ക്കുന്നവർ ഓൺലൈൻ ക്ലാസിൽ നിർബന്ധമായും കണ്ണട ഉപയോഗിക്കണം

 ക്ലാസിലെ വെളിച്ചം മുറിയിൽ ക്രമീകരിക്കുക

................................................

ഓൺലൈൻ ക്ലാസുകൾക്ക് മുന്നോടിയായി എല്ലാ കുട്ടികൾക്കും കാഴ്ച പരിശോധന നടത്തേണ്ടതാണ്. 20 മിനിറ്റ് തുടർച്ചയായി സ്മാർട് ഫോൺ ഉപയോഗിച്ചാൽ 20 സെക്കൻഡ് കണ്ണിന് വിശ്രമം നൽകണം. ഇത് കണ്ണിന്റെ ആയാസം കുറയ്ക്കും

ഡോ.ജെ. മീര, നേത്രരോഗ വിദഗ്ദ്ധ, ജനറൽ ആശുപത്രി, ആലപ്പുഴ