ചേർത്തല: വഴിത്തർക്കത്തെ തുടർന്നുണ്ടായ സംഘർഷത്തിൽ, അയൽവാസികളായ സഹോദരങ്ങളുടെ മർദ്ദനമേറ്റ വൃദ്ധൻ ആശുപത്രിയിലേക്കുള്ള യാത്രയ്ക്കിടെ മരിച്ചു. ചേർത്തല തെക്ക് പഞ്ചായത്ത് ഏഴാം വാർഡ് ആലുങ്കൽ മറ്റത്തിൽ മണിയൻ (78) ആണ് മരിച്ചത്. തിങ്കളാഴ്ച രാവിലെ 11 ഓടെയാണ് സംഭവം. സമീപവാസികളായ കിഴക്കേ ആലുങ്കൽ നികർത്ത് സുന്ദരേശ്വരറാവു (40), സഹോദരൻ ശ്രീധരറാവു (30) എന്നിവരെ അർത്തുങ്കൽ പൊലീസ് അറസ്റ്റു ചെയ്തു. ഇരുവരും ബി.ജെ.പി പ്രവർത്തകരാണ്. കർഷക തൊഴിലാളിയായ മണിയൻ സി.പി.എം അനുഭാവിയാണ്.
അയൽവാസികളായ ഇവർ തമ്മിൽ കാലങ്ങളായി വഴിത്തർക്കത്തിലായിരുന്നു. അർത്തുങ്കൽ പൊലീസ് ഇടപെട്ട് ചർച്ചകളിലൂടെ, മണിയന്റെ പുരയിടത്തിന്റെ വശത്തുകൂടി ഇവർക്ക് വഴി ഒരുക്കിയിരുന്നു. തിങ്കളാഴ്ച രാവിലെ വീടിന് മുറ്റത്തുകൂടി ഇരുവരും ബൈക്കിൽ സഞ്ചരിച്ചതോടെ മണിയൻ തടയാനെത്തി. വാക്കേറ്റത്തിനിടെ ഇവർ മണിയനെ ഇടിക്കുകയും നെഞ്ചിൽ ചവിട്ടുകയും ചെയ്തതായി ബന്ധുക്കൾ ആരോപിച്ചു. കുഴഞ്ഞു വീണ മണിയനെ സമീപവാസികൾ താലൂക്ക് ആശുപത്രിയിലേക്ക് എത്തിക്കുന്നതിനിടെ മരിച്ചു. മദ്യലഹരിയിലായിരുന്ന പ്രതികളെ പൊലീസ് വീട്ടിൽ നിന്ന് പിടികൂടുകയായിരുന്നു.
മൃതദേഹം ആലപ്പുഴ മെഡി. ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. പ്രതികളെ ഇന്ന് സംഭവസ്ഥലത്തെത്തിച്ച് തെളിവെടുത്ത ശേഷം കോടതിയിൽ ഹാജരാക്കും. പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ചതിന് ശേഷമേ മരണകാരണം സംബന്ധിച്ച് വ്യക്തത ലഭിക്കുകയുള്ളൂവെന്ന് അർത്തുങ്കൽ പൊലീസ് ഇൻസ്പെക്ടർ എ. അൽജബർ പറഞ്ഞു. പരേതയായ ജാനകിയാണ് മണിയന്റെ ഭാര്യ. മകൾ: ബിന്ദു. മരുമകൻ: ബിജു.