ആലപ്പുഴ: ചേർത്തല കെ.എസ്.ആർ.ടി.സി കാന്റീൻ ജീവനക്കാരനെ കുത്തിക്കൊന്ന കേസിലെ പ്രതി തണ്ണീർമുക്കം പഞ്ചായത്ത് പുത്തൻവെളിയിൽ ചെല്ലപ്പന്റെ മകൻ അനിൽകുമാറിന് (49) ജീവപര്യന്തം തടവും മൂന്ന് ലക്ഷം രൂപ പിഴയും ശിക്ഷ.
ആലപ്പുഴ അഡിഷണൽ ജില്ലാ സെഷൻസ് രണ്ടാം കോടതി ജഡ്ജ് എ. ഇജാസാണ് വിധി പറഞ്ഞത്.
മണ്ണഞ്ചേരി പഞ്ചായത്ത് കാട്ടുങ്കൽ വീട്ടിൽ ജോസഫിന്റെ മകൻ ഡൊമിനിക്കിനെ (ബാബു-58) കുത്തിക്കൊന്ന കേസിലാണ് വിധി. പിഴത്തുകയായ മൂന്ന് ലക്ഷം രൂപ ഡെമിനിക്കിന്റെ അനന്തരാവകാശികൾക്ക് നൽകണം. പിഴയടച്ചില്ലെങ്കിൽ ഒരു വർഷം കൂടി ശിക്ഷ അനുഭവിക്കണം.
2011 ഡിസംബർ 29ന് രാത്രി 10.30ന് ആണ് കേസിനാസ്പദമായ സംഭവം. കെ.എസ്.ആർ.ടി.സി സ്റ്റാൻഡിലെ കാന്റീനിൽ നിന്ന് പൊറോട്ടയും ബീഫും കഴിച്ച അനിൽകുമാറും ജീവനക്കാരനായ ഡൊമിനിക്കും തമ്മിൽ ബില്ലിന്റെ കാര്യത്തിൽ വാക്കുതർക്കമുണ്ടായി. സമീപത്തുണ്ടായിരുന്നവർ ഇരുവരെയും പിടിച്ചുമാറ്റിയെങ്കിലും പുറത്തിറങ്ങിയ അനിൽകുമാർ പതുങ്ങിനിന്നു. ഡൊമിനിക്ക് പുറത്തിറങ്ങിയപ്പോൾ അനിൽകുമാർ കൈയിൽ കരുതിയിരുന്ന കത്തികൊണ്ട് കുത്തുകയായിരുന്നുവെന്നാണ് കേസ്. നെഞ്ചിലും വയറ്റിലും, ഇടത് തോളിലും പരിക്കേറ്റ ഡൊമിനിക്കിനെ ചേർത്തല താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
ചേർത്തല സി.ഐ ആയിരുന്ന കെ.ജി. അനീഷാണ് കേസ് അന്വേഷിച്ചത്. 28 സാക്ഷികളെ വിസ്തരിച്ചു. 22 പ്രമാണങ്ങളും ഒമ്പത് തൊണ്ടിമുതലുകളും പരിശോധിച്ചു. പ്രതിഭാഗത്തുനിന്നു ഒരു സാക്ഷിയെ വിസ്തരിച്ചു. കഴിഞ്ഞയാഴ്ചയാണ് പ്രതിയെ കുറ്റക്കാരനെന്ന് കണ്ടെത്തിയത്.തുടർന്ന് കൊവിഡ് പരിശോധനയ്ക്ക് വിധേയനാക്കി നെഗറ്റീവ് ആണെന്ന് തെളിഞ്ഞിരുന്നു.
പ്രോസിക്യൂഷന് വേണ്ടി അഡിഷണൽ പബ്ലിക് പ്രോസിക്യൂട്ടർ പി.കെ. രമേശൻ, അഡ്വ. പി.പി. ബൈജു എന്നിവർ ഹാജരായി.