photo

മാരാരിക്കുളം: ഓൺലൈൻ വിദ്യാഭ്യാസത്തിന് സൗകര്യമില്ലാത്ത കുട്ടികൾക്ക് ടിവികളും കൊവിഡ് കാലത്ത് പാവപ്പെട്ടവർക്ക് ഭക്ഷണകിറ്റും പുതുതായി 447 കുട്ടികൾക്ക് പ്രവേശനം നൽകിയും മികവാർന്ന പ്രവർത്തനങ്ങളിലൂടെ ജില്ലയിലെ ഏ​റ്റവും മികച്ച സർക്കാർ വിദ്യാലയങ്ങളുടെ നിരയിലേയ്ക്ക് മണ്ണഞ്ചേരി ഗവ.ഹൈസ്കൂളും.ഓൺലൈൻ പഠനത്തിനായി 25 ടിവികളാണ് വിതരണം ചെയ്തത്. വിവിധ സംഘടനകൾ,അദ്ധ്യാപകർ,വാട്‌സാപ്പ് ഗ്രൂപ്പുകൾ, കുടുംബ കൂട്ടായ്പകൾ എന്നിവ വഴിയാണ് ഇവ സമാഹരിച്ചത്.ജമാ അത്ത് ഇസ്ലാമി പ്രവർത്തകർ 10 ടിവികളാണ് നൽകിയത്.ലോക് ഡൗൺ കാലത്ത് സ്‌കൂളിലെ അദ്ധ്യാപകർ പാവപ്പെട്ട വിദ്യാർത്ഥികളുടെ കുടുംബങ്ങൾക്ക് ഒരു ലക്ഷം രൂപയുടെ ഭക്ഷണക്കിറ്റ് വിതരണം ചെയ്തിരുന്നു.പ്രീ പ്രൈമറി മുതൽ പത്താം ക്ലാസുവരെ 447 അഡ്മിഷനാണ് ഈ വർഷം സ്‌കൂളിൽ നടന്നത്. ഇതോടെ 2200 ഓളം വിദ്യാർത്ഥികൾ പഠിക്കുന്ന ജില്ലയിലെ നെ പ്രധാന സ്കൂളായി ഈ സർക്കാർ സ്കൂൾ മാറി.ജില്ലാ പഞ്ചായത്ത് അംഗം പി.എ. ജുമൈലത്ത് ടിവി വിതരണം ഉദ്ഘാടനം ചെയ്തു.ബി.ആർ.സിയിലെ സുമ,അദ്ധ്യാപകരായ ദിലീപ് കുമാർ,സാജിദ,മല്ലിക,അനില,അഷറഫ് എന്നിവർ പങ്കെടുത്തു.പുതിയതായി 3 ഡിവിഷൻ സ്‌കൂളിന് ലഭിക്കുമെന്ന് ഹെഡ്മിസ്ട്രസ് സുജാതകുമാരി അറിയിച്ചു. പൊതു വിദ്യാഭ്യാസ സംരക്ഷണത്തിൽ ഉൾപ്പെടുത്തി 3 കോടി രൂപ മുടക്കിൽ മൂന്നു നില കെട്ടിടത്തിന്റെ നിർമ്മാണവും ഇതിനകം പൂർത്തിയായി.