a

മാവേലിക്കര- ഞാറ്റുവേല ചന്തയുടേയും കർഷക സഭയുടേയും മണ്ഡലംതല ഉദ്ഘാടനം തെക്കേക്കര ഗ്രാമപഞ്ചായത്ത് കമ്യൂണിറ്റി ഹാളിൽ ആർ.രാജേഷ് എം.എൽ.എ നിർവ്വഹിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.വിശ്വനാഥൻ അധ്യക്ഷനായി. മാവേലിക്കര കൃഷി അസി.ഡയറക്ടർ സി.ആർ രശ്മി, ആർ.ഉണ്ണികൃഷ്ണൻ, ആശാ സുരേഷ്, എസ്.ആർ ശ്രീജിത്ത്, കൃഷി ഓഫീസർ എബി ബാബു എന്നിവർ പങ്കെടുത്തു. കുറ്റി കുരുമുളക്, മരച്ചീനി, പച്ചക്കറിതൈകൾ, ചേന, ചേമ്പ്, കാച്ചിൽ, ഇഞ്ചി, മഞ്ഞൾ, മാംഗോസ്റ്റിൻ, ജാതി, പപ്പായകൾ, എള്ള്, മത്സ്യ കുഞ്ഞുങ്ങൾ, തെങ്ങിൻ തൈകൾ എന്നിവ വിതരണം ചെയ്തു. കൃഷി വകുപ്പ്, കാർഷിക കർമസേന, കുടുംബശ്രീ യൂണിറ്റുകൾ, അക്വേറിയസ് ഫാം പ്രൊഡക്ട്സ്, എസ്.എസ് അക്വാ ആൻഡ് പെറ്റ് ഫാം എന്നിവയുടെ നേതൃത്വത്തിൽ പ്രദർശനവും വിൽപനയും നടന്നു.

തഴക്കര പഞ്ചായത്തിൽ പഞ്ചായത്തും ആത്മയും ചേർന്ന് രുപീകരിച്ച കതിർ കാർഷിക കർമ്മസേനയുടെ വിത്ത് വണ്ടി ആർ.രാജേഷ് എം.എൽ.എ ഫ്ലാഗ് ഓഫ് ചെയ്തു. മാവേലിക്കരയിലെ വിവിധ പ്രദേശങ്ങളിൽ വിത്ത് വണ്ടിയുടെ സേവനം ലഭ്യമാകും. കർമ്മസേന ടെക്‌നീഷ്യൻമാർക്കുള്ള യൂണിഫോമിന്റെയും ഐ.ഡി കാർഡിന്റെയും വിതരണം പ്രസിഡന്റ് സുനില സതീഷ് നിർവഹിച്ചു. വൈസ് പ്രസിഡന്റ് എസ്.അനിരുദ്ധൻ മുഖ്യപ്രഭാഷണം നടത്തി.

മാവേലിക്കര നഗരസഭ കൃഷിഭവനിൽ എ.എം.വി.ഐ ബിജു ഉദ്ഘാടനം ചെയ്തു. കൃഷി ഓഫീസർ മനോജ് പങ്കെടുത്തു. ചെട്ടികുളങ്ങര പഞ്ചായത്ത് കൃഷിഭവനിൽ പഞ്ചായത്ത് പ്രസിഡന്റ്‌ സി.കൃഷ്ണമ്മ ഉദ്‌ഘാടനം ചെയ്തു. സിന്ധു ദിവാകരൻ അധ്യക്ഷയായി. കൃഷി ഓഫീസർ ലേഖ മോഹൻ, ബ്ലോക്ക്‌ പഞ്ചായത്ത്‌ സ്ഥിരം സമിതി അധ്യക്ഷൻ എസ്.ശ്രീജിത്ത്‌, ശോഭരാജൻ എന്നിവർ പങ്കെടുത്തു.