മാവേലിക്കര : മാവേലിക്കരയിൽ കൊവിഡിന്റെ പശ്ചാത്തലത്തിൽ പൊതുജനങ്ങൾ കൂടുതലായി ആശ്രയിക്കുന്ന ഓട്ടോയാത്ര സുരക്ഷിതമാക്കാൻ ഒരുങ്ങുകയാണ് മോട്ടോർ വാഹന വകുപ്പ്. തിരുവനന്തപുരം കമലേശ്വരത്തെ ഓട്ടോ ഡ്രൈവർക്ക് കൊവിഡ് പിടിപെട്ടതിന്റെ ഉറവിടം കണ്ടെത്താനോ റൂട്ട് മാപ്പ് തയ്യാറാക്കാനോ കഴിയാത്ത സാഹചര്യം കണക്കിലെടുത്താണ് നടപടി. സുരക്ഷാ യാത്ര, സുരക്ഷിതയാത്ര, എല്ലാം നമുക്ക് വേണ്ടി, എന്ന പദ്ധതിയിലൂടെ യാത്രികരുടെവിവരങ്ങൾ ശേഖരിക്കുവാനാണ് ലക്ഷ്യമിടുന്നത്.
നിലവിൽ പൊതുഗതാഗതത്തിൽ ബസ് യാത്രികരുടേയും ടൂറിസ്റ്റ് ടാക്സികളിലെ യാത്രികരുടെയും വിവരങ്ങൾ ജീവനക്കാർ ശേഖരിക്കുന്നുണ്ട്. എന്നാൽ ഓട്ടോറിക്ഷകളിൽ ഈ സംവിധാനം നിലവിലില്ലായിരുന്നു. മാവേലിക്കര ജോയിന്റ് ആർ.ടി ഓഫീസിന്റെ പരിധിയിലുള്ള ഓട്ടോറിക്ഷകളിൽ കയറുന്ന യാത്രികരുടെ പേര്, മേൽവിലാസം, ഫോൺ നമ്പർ, എവിടെ നിന്നും എങ്ങോട്ട് പോകുന്നു, തീയതി എന്നിവ രേഖപ്പെടുത്തുന്ന രീതിയിലാണ് സംവിധാനം ഒരുക്കിയിരിക്കുന്നതെന്ന് ജോയിന്റ് ആർ.ടി.ഒ എം.ജി.മനോജ് അറിയിച്ചു.