ph

കെട്ടിടം കൈമാറുന്നത് വിവാദത്തിൽ

കായംകുളം: കായംകുളം നഗരസഭ 7 കോടിയോളം ചെലവഴിച്ച് നിർമ്മിച്ച പുതിയ സസ്യമാർക്കറ്റ് കെട്ടിടത്തിന്റെ കടമുറികൾ കൈമാറിയാൽ നഗരസഭയ്ക്ക് ഡെപ്പോസിറ്റ് ഇനത്തിൽ ലഭിക്കുന്നത് 38 ലക്ഷം രൂപ മാത്രം. കടമുറി കൈമാറ്റം കഴിഞ്ഞാൽ ഉടൻ 3 കോടി തിരികെ അടയ്ക്കാമെന്ന വ്യവസ്ഥയിലാണ് കെട്ടിടം നിർമ്മാണത്തിന് 6.40 കോടി വായ്പ എടുത്തത്. ഇതോടെ തിരിച്ചടവും അവതാളത്തിലായി.

പത്ത് വർഷത്തിന് മുമ്പു തന്നെ അന്നത്തെ ഭരണസമിതി കടകൾ വീതിച്ച് നൽകാൻ കാരാർ ഉണ്ടാക്കിയിരുന്നുവെന്നാണ് ആക്ഷേപം. പിന്നീട് കെട്ടിട നിർമ്മാണം പൂർത്തിയായിട്ടും കടകൾ കൈമാറാൻ കഴിയാത്തതിന് പ്രധാന തടസമായി ചൂണ്ടിക്കാട്ടുന്നത് ഇതാണ്. ഈ കരാർ പുതിയ ഭരണസമിതി റദ്ദാക്കുകയും ചെയ്തു. മാത്രമല്ല ഓരോ നിലയിലെയും കടമുറികളിൽ പട്ടികജാതി വിഭാഗങ്ങൾക്കായി 10 ശതമാനം കടമുറികൾ നീക്കി വയ്ക്കണമെന്ന വ്യവസ്ഥയും മുൻ ഭരണസമിതി ഗൗനിക്കാതിരുന്നത് വിവാദത്തിലായിട്ടുണ്ട്.

നഗരസഭയുമായി ലൈസൻസ് ഇടപാടുമാത്രം ഉണ്ടായിരുന്ന വ്യാപാരികൾക്ക്, പുതിയ കടമുറി നിർമ്മിക്കുമ്പോൾ അവർക്ക് അതിലുള്ള അവകാശം വ്യക്തമാക്കിയിട്ടില്ലായിരുന്നു. എന്നാൽ 2010 ലെ നഗരസഭാ കൗൺസിൽ തീരുമാന പ്രകാരം പുനരധിവാസത്തിന്റെ ഭാഗമായി കടമുറി നൽകാൻ തീരുമാനം എടുത്തു. 24 കടമുറികളും 14 പച്ചക്കറി സ്റ്റാളുകളും ഗോഡൗണുകളുമായി കിടന്ന പഴയ സസ്യമാർക്കറ്റ് കെട്ടിടത്തിൽ വ്യാപാരം നടത്തിയവർക്ക് സ്ഥാനം നിശ്ചയിച്ച് പുതിയ കടമുറി നൽകാമെന്ന ധാരണ ഉണ്ടാക്കിയതും, പുതിയ കടമുറി കൈമാറ്റം ചെയ്യുന്ന സമയത്ത് അന്നത്തെ കൗൺസിൽ തീരുമാനിക്കേണ്ട ഡെപ്പോസിറ്റും, വാടകയും മുൻകൂട്ടി തീരുമാനിച്ചതും വിനയാവുകയായിരുന്നു.

 ചട്ടലംഘനം പല തട്ടിൽ

താഴത്തെ നിലയിൽ 34 കടമുറികളാണ് മുൻ ഭരണസമിതി ഓരോ കച്ചവടക്കാർക്കുമായി വീതിച്ചു നൽകാനായി തീരുമാനിച്ചത്. ഇവരിൽ പലരും മരണമടയുകയും നഗരസഭയിൽ നിന്നു നേരിട്ട് കടമുറികൾ കൈപ്പറ്റിയിട്ടില്ലാത്തവരുമായിരുന്നു. ലൈസൻസികൾ മരിച്ചാൽ അനന്തരാവകാശികൾക്ക് ലൈസൻസ് കൈമാറാൻ നഗരസഭ ചട്ടം അനുവദിക്കുന്നില്ല. എന്നാൽ കീഴ്‌വാടകക്കാർ എന്ന പരിഗണന നൽകി അധിക ഫീസ് അടപ്പിച്ച് അനന്തരാവകാശികൾക്ക് കടമുറി കൈമാറാൻ യു.ഡി.എഫ് ഭരണകാലത്ത് തീരുമാനം എടുത്തു. ഇത് നിയമ വിരുദ്ധമാണ്.

.............................................................

വളഞ്ഞവഴി

# ഡെപ്പോസിറ്റും വാടകയും തീരുമാനിക്കാൻ നിലവിലുള്ള കൗൺസിലിനുള്ള അധികാരം കരാർ വ്യവസ്ഥയിൽ ഉൾപ്പെടുത്തുകയും അതേ സമയം ഡെപ്പോസിറ്റും വാടകയും മുൻകൂട്ടി നിശ്ചയിച്ച് നൽകി 10 വർഷം മുൻപ് തീരുമാനം എടുത്തു, കരാർ ഒപ്പിട്ടു
# പുതിയ കടമുറി കൈമാറ്റം ചെയ്യുമ്പോൾ 3 കോടി വായ്പ തിരിച്ചടയ്ക്കാനുള്ള യാതൊരു നിർദ്ദേശവും സ്വീകരിച്ചില്ല

# പട്ടികജാതിക്കാർക്ക് സംവരണം ചെയ്യേണ്ട 10 ശതമാനം കടമുറികൾ താഴത്തെ നിലയിൽ ന

ഉറപ്പാക്കിയില്ല

..................................

സസ്യമാർക്കറ്റ് കെട്ടിട നിർമ്മാണവും കടമുറി വിതരണവുമായി ബന്ധപ്പെട്ട്, 2010 മുതൽ നഗരഭരണം നടത്തിയ യു.ഡി.എഫ് ഭരണനേതൃത്വം അധികാര ദുർവിനിയോഗം നടത്തിയതും നിലനിൽക്കാത്ത കരാർ വ്യവസ്ഥകൾ ഉണ്ടാക്കിയതും സസ്യമാർക്കറ്റ് കടമുറി കൈമാറ്റം സങ്കീർണ്ണമാക്കി

എൻ.ശിവദാസൻ, നഗരസഭ ചെയർമാൻ

..................................

എസ്റ്റിമേറ്റിൽ ഇല്ലാത്ത എ.സി.പി വർക്ക് 35 ലക്ഷം രൂപ അധികം ചിലവഴിച്ച് ധൂർത്ത് നടത്തിയത് മാത്രമാണ് ഇപ്പോഴത്തെ ഭരണക്കാർ ചെയ്തത്. അടിസ്ഥാന സൗകര്യങ്ങൾപൂർത്തിയാക്കാതെ 2019 ഫെബ്രുവരിയിൽ ഉദ്ഘാടനം നടത്തിയത് 8-ാം വാർഡിലെ ഉപതെരഞ്ഞെടുപ്പ് ലക്ഷ്യം വച്ചായിരുന്നു. വ്യാപാരികളിൽ നിന്ന് തലവരി പണം തട്ടാനുള്ള തന്ത്രത്തിന്റെ ഭാഗമാണ് പുതിയ നിർദ്ദേശങ്ങൾ.

അഡ്വ.യു.മുഹമ്മദ്

ലീഡർ, യു.ഡി.എഫ് പാർലമെന്ററി പാർട്ടി