s

 റൈസ് ആൻഡ് ഫ്ളവർ മില്ലുകൾ കടുത്ത പ്രതിസന്ധിയിൽ

ആലപ്പുഴ : നാട്ടിൻപുറങ്ങളിൽ സജീവസാന്നിദ്ധ്യമായിരുന്ന ചെറുകിട നെല്ലുകുത്ത് മില്ലുകളും ധാന്യങ്ങൾ പൊടിക്കുന്ന മില്ലുകളും ലോക്ക് ഡൗണിനെത്തുടർന്ന് കടുത്ത പ്രതിസന്ധിയിൽ. വരുമാനത്തിൽ അറുപത് ശതമാനത്തോളം കുറവുണ്ടായതായി ഉടമകൾ പറയുന്നു. പ്രതിസന്ധി കാരണം പലരും തൊഴിലാളികളെ ഒഴിവാക്കി.

പഞ്ചായത്ത്-നഗരസഭകളും, മലിനീകരണ നിയന്ത്രണ ബോർഡും കെ.എസ്.ഇ.ബിയും തങ്ങളെ ദ്രോഹിക്കുന്ന സമീപനമാണ് സ്വീകരിക്കുന്നതെന്നാണ് മില്ലുടമകളുടെ പരാതി. ജില്ലയിൽ ലൈസൻസുള്ള 477 മില്ലുകളും ലൈസൻസ് ഇല്ലാത്ത 800ൽ അധികം മില്ലുകളും പ്രവർത്തിക്കുന്നുണ്ട്. 2500ഓളം തൊഴിലാളികൾ ഇവിടങ്ങളിൽ ജോലിചെയ്യുന്നു. വരുമാനം കുറഞ്ഞതോടെ മിക്ക മില്ലുകളിലും ഉടമകൾ തന്നെ തൊഴിലാളികളുടെ റോൾ കൂടി നിർവഹിക്കുകയാണ്. പത്ത് തൊഴിലാളികൾ വരെ ജോലി ചെയ്യുന്ന മില്ലുകളുമുണ്ട്.

കൊവിഡ് മാനദണ്ഡങ്ങളും സാമൂഹിക അകലവും പാലിച്ച് മില്ലുകൾ തുറക്കാൻ സർക്കാർ അനുമതി നൽകിയെങ്കിലും രോഗവ്യാപന ഭീതിയെ തുടർന്ന് ജനങ്ങളുടെ വരവ് മുമ്പൊണ്ടായിരുന്നതിന്റെ മൂന്നിലൊന്നു പോലുമില്ല. ഉപഭോക്താക്കളിൽ പലരും പാക്കറ്റ് ധാന്യപ്പൊടികളുടെ ഉപഭോക്താക്കളായി മാറി. രണ്ട് പൊടിയന്ത്രവും രണ്ട് ആട്ടുയന്ത്രങ്ങളും ഉള്ള മില്ല് പ്രവർത്തിപ്പിക്കാൻ കുറഞ്ഞത് മൂന്ന് തൊഴിലാളികൾ വേണം. തൊഴിലാളികൾക്ക് ശമ്പളം കൊടുക്കാനുള്ള വരുമാനം പോലും ഇപ്പോൾ കിട്ടുന്നില്ല. മേഖലയിലെ തൊഴിലാളികൾ സാമ്പത്തിക പ്രയാസത്തിലാണ്. ക്ഷേമനിധി ഇല്ലാത്തതിനാൽ 1000രൂപയുടെ സഹായവും ഇവർക്ക് കിട്ടിയില്ല.

അഞ്ചുവർഷത്തെ നികുതി മുൻകൂറായി അടയ്ക്കണമെന്ന ത്രിതല സെക്രട്ടറിമാരുടെ നിലപാട് മേഖലയെ കൂടുതൽ ദുരിതത്തിലാക്കുന്നു. മലിനീകരണ നിയന്ത്രണ ബോർഡ് അഞ്ചു വർഷത്തേക്ക് വാങ്ങിയിരുന്ന 3000രൂപ ഫീസ് മൂന്ന് ഇരട്ടിയാക്കി വർദ്ധിപ്പിച്ചു. ഭക്ഷ്യ സുരക്ഷാ വിഭാഗത്തിന്റെ ഫീസിൽ വർദ്ധനവില്ലാത്തതാണ് ഏക ആശ്വാസം.

പ്രതിസന്ധികൾ

 തൊഴിൽ നികുതി 600രൂപയിൽ നിന്ന് 1200രൂപയായി വർദ്ധിപ്പിച്ചു

 ലൈസൻസ് ഫീസ് 100രൂപയിൽ നിന്ന് 500രൂപയാക്കി

 കെട്ടിട നികുതിയിലുണ്ടായ മൂന്നിരട്ടി വർദ്ധനവ്

 ചെലവു കൂടുമ്പോൾ വരുമാനം കുത്തനെ ഇടിഞ്ഞു

ജില്ലയിൽ ആകെ മില്ലുകൾ : 1277

ആകെ തൊഴിലാളികൾ : 2500

വേതനം ഒരാൾക്ക് പ്രതിദിനം : 500രൂപ

"മേഖലയിലെ എസ്.എസ്.ഐ യുണിറ്റുകൾക്കു പോലും നികുതിയിളവ് നൽകുന്നില്ല. വർദ്ധിപ്പിച്ച നികുതിയും ലൈസൻസ് ഫീസും ഒഴിവാക്കാൻ മുഖ്യമന്ത്രി അടിയന്തരമായി ഇടപെടണം. ഇക്കാര്യം ആവശ്യപ്പെട്ട് മുഖ്യമന്ത്രിയ്ക്കും വ്യവസായ, തൊഴിൽ വകുപ്പ് മന്ത്രിമാർക്കും നിവേദനം നൽകി.

മരതകബാലൻ, സംസ്ഥാന കൗൺസിൽ എക്സിക്യൂട്ടീവ് അംഗം,

കേരള സ്റ്റേറ്റ് റൈസ് ആൻഡ് ഫ്ളവർ മിൽ അസോസിയേഷൻ