ആലപ്പുഴ: പഞ്ചകർമ്മം ഉൾപ്പടെ ജനങ്ങൾക്ക് ആയുർവേദത്തിൽ ലഭിച്ചുകൊണ്ടിരിക്കുന്ന ചികിത്സകൾ നിഷേധിച്ചുകൊണ്ടുള്ള ആയുഷ് വകുപ്പു സെക്രട്ടറിയുടെ ഉത്തരവ് പിൻവലിക്കണമെന്ന് കേരള സ്റ്റേറ്റ് ആയുർവേദിക് മെഡിസിൻ ഡീലേഴ്സ് അസോസിയേഷൻ സംസ്ഥാന ഭാരവാഹികൾ ആവശ്യപ്പെട്ടു. പ്രായോഗികമല്ലാത്ത ഉത്തരവ് സംസ്ഥാനത്തെ ആയുർവേദ ആശുപത്രികളുടെ പ്രവർത്തനത്തെ പ്രതികൂലമായി ബാധിക്കും.
ഇന്നുവരെ ഫലപ്രദമായ മരുന്ന് കണ്ടുപിടിക്കാൻ കഴിഞ്ഞിട്ടില്ലാത്ത കൊവിഡ് പകർച്ച വ്യാധിക്കെതിരെ ശരീരത്തിന്റെ രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിന് ആയൂർവേദമാണ് ഫലപ്രദമായിട്ടുള്ളത്. ഔഷധക്കൂട്ടുകൾ ജനങ്ങൾ സ്വീകരിക്കുന്നുമുണ്ട്. കൊവിഡിന്റെ മറവിൽ ആയുർവേദത്തെ തമസ്‌ക്കരിക്കുന്നതിനും മറ്റു ചികിത്സാരീതികളെ പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള ബോധപൂർവമായ ശ്രമമാണ് ഉത്തരവിന് പിന്നിലുള്ളതെന്ന് അസോസിയേഷൻ സംസ്ഥാന ഭാരവാഹികളുടെ മൊബൈൽ കോൺഫറൻസിൽ വിലയിരുത്തി. കോൺഫറൻസിൽ അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് പി.ജെ.കുര്യൻ, സെക്രട്ടറി ഡി.മധു, ടി.വി.അനിൽകുമാർ, കെ.സുഗതൻ എന്നിവർ പങ്കെടുത്തു.