ക്ളാസിനായുള്ള വീഡിയോകളുടെ നിർമ്മാണം പുരോഗമിക്കുന്നു
ആലപ്പുഴ: സ്കൂളുകളിലെ ഓൺലൈൻ ക്ലാസുകളുടെ മാതൃകയിൽ അങ്കണവാടികളിലും ക്ലാസ് ആരംഭിക്കുന്നതിനുള്ള നടപടികൾ തുടങ്ങി. വ്യത്യസ്ത വിഷയങ്ങളെ അനുബന്ധമാക്കിയുള്ള വീഡിയോകളുടെ ചിത്രീകരണം വിവിധ ജില്ലകളിൽ പുരോഗമിക്കുകയാണ്. എല്ലാ വീഡിയോകളും തയ്യാറായ ശേഷം സി ഡിറ്റുമായി സഹകരിച്ച് ഓരോ ഐ.സി.ഡി.എസ് യൂണിറ്റുകൾ വഴിയാവും വീഡിയോ രക്ഷകർത്താക്കളുടെ സ്മാർട്ട് ഫോണിലെത്തുക.
അങ്കണവാടി സിലബസിൽ ഉൾപ്പെട്ടിരിക്കുന്ന ഇരുപതിലധികം തീമുകളെ ഓരോ ജില്ലയിലും തെരഞ്ഞെടുക്കപ്പെടുന്ന അങ്കണവാടി വർക്കറെ കൊണ്ട് അവതരിപ്പിച്ചാണ് ചിത്രീകരണം. മൂന്ന് മുതൽ അഞ്ച് വയസ് വരെയുള്ള കുട്ടികളുടെ മാനസിക - ബൗദ്ധിക വളർച്ചയെയും, സർഗാത്മകവും ക്രിയാത്മകവുമായ കഴിവുകളെയും പ്രോത്സാഹിപ്പിക്കുന്ന തരത്തിലുള്ള വിഷയങ്ങളാണ് ഉൾപ്പെടുത്തിയിട്ടുള്ളത്. ആലപ്പുഴ ജില്ലയിൽ നിന്ന് കഥ, സ്വതന്ത്രസംഭാഷണം എന്നീ തീമുകളിലാണ് വീഡിയോ ഒരുക്കുന്നത്. ഗർഭിണികളെയും, പാലൂട്ടുന്ന അമ്മമാരെയും വീഡിയോ കോൾ വഴി കണ്ട് ക്ഷേമമന്വേഷിക്കുകയും സേവനങ്ങൾ എത്തിക്കുകയും ചെയ്യുന്ന പ്രവർത്തനമാണ് കൊവിഡ് കാലത്ത് മുഖ്യമായും അങ്കണവാടികൾ വഴി നടക്കുന്നത്. കൊവിഡിന്റെ പശ്ചാത്തലത്തിൽ 60 വയസിന് മേൽ പ്രായമുള്ളവരുടെ സർവ്വേ നടത്തുന്നതിനുള്ള പരിശീലനവും പൂർത്തിയായിട്ടുണ്ട്. ലോക്ക് ഡൗണിൽ അങ്കണവാടികൾക്ക് അവധിയാണെങ്കിലും പോഷകാഹാര വിതരണം തടസമില്ലാതെ നടക്കുന്നുണ്ട്.
................
അങ്കണവാടി ജീവനക്കാരുടെ
കൊവിഡ് കാല പ്രവർത്തനങ്ങൾ
ഗർഭിണികൾക്കും, പാലൂട്ടുന്ന അമ്മമാർക്കും നിർദേശങ്ങളുമായി വീഡിയോ കോൾ
പ്രതിരോധ കുത്തിവയ്പ്പ് ഓർമപ്പെടുത്തുക
പ്രസവ ശേഷമുള്ള ആരോഗ്യാവസ്ഥ അന്വേഷിക്കുക
വയോജനങ്ങളുടെ ക്ഷേമം ഉറപ്പ് വരുത്തുക
മാസത്തിൽ രണ്ട് തവണ പോഷകാഹാര വിതരണം
ജില്ലയിൽ : 2150 അംഗനവാടികൾ
അങ്കണവാടി കുട്ടികൾക്ക് വേണ്ടി ഓൺലൈൻ ക്ലാസ് നടത്താൻ നിർദേശം ലഭിച്ചിട്ടുണ്ട്. വൈകാതെ ക്ലാസുകൾ രക്ഷിതാക്കളുടെ സ്മാർട് ഫോണിൽ ലഭ്യമായിത്തുടങ്ങും. -
ശിശു വികസന പ്രോജക്ട് ഓഫീസർ
കുട്ടികളെ അങ്കണവാടിയിൽ ഇരുത്തിയുള്ള പഠനവും, അവരുടെ ശരീരത്തിന്റെ തൂക്കം അളക്കുന്നതുമൊഴികെ എല്ലാ പ്രവർത്തനങ്ങളും മുടങ്ങാതെ നടക്കുന്നുണ്ട്. പോഷകാഹാര വിതരണം മുതൽ സർവേ വരെ ഞങ്ങളുടെ ഉത്തരവാദിത്തമാണ്. കുഞ്ഞുമക്കൾക്കുള്ള ക്ലാസുകൾ മൊബൈലിൽ ലഭിക്കുന്ന സംവിധാനവും ഉടൻ വരും
- റമീസ, അങ്കണവാടി വർക്കർ