പ്ളാസ്റ്റിക് മാലിന്യ നിർമാർജനം ഊർജിതമാക്കും
ആലപ്പുഴ:ജില്ലയെ പൂർണ്ണമായും പ്ലാസ്റ്റിക് മാലിന്യ മുക്തമാക്കാനുള്ള കർശന നടപടികളുമായി മുന്നോട്ട് പോകാൻ, കളക്ടർ എ. അലക്‌സാണ്ടറുടെ അദ്ധ്യക്ഷതയിൽ ജില്ലയിലെ മാലിന്യ നിർമ്മാർജ്ജന പ്രവർത്തനങ്ങൾ അവലോകനം ചെയ്യാൻ ചേർന്ന യോഗത്തിൽ തീരുമാനിച്ചു.
പ്ലാസ്റ്റിക് നിരോധനവുമായി ബന്ധപ്പെട്ട നടപടികൾ സ്വീകരിച്ചിരുന്നെങ്കിലും കൊവിഡ് പ്രതിരോധത്തിലേക്ക് ഉദ്യോഗസ്ഥർ നീങ്ങിയതോടെ പ്ലാസ്റ്റിക്കിന്റെ ഉപയോഗം വർദ്ധിച്ചു വരുന്നത് ശ്രദ്ധയിൽപ്പെട്ടതോടെയാണ് തീരുമാനം. പ്ലാസ്റ്റിക് നിരോധനം പൂർണമായും നടപ്പാക്കുന്നതിന്റെ ഭാഗമായി ആദ്യഘട്ടമെന്നോണം ബോധവത്കരണ പരിപാടികൾ സംഘടിപ്പിക്കും. കൊവിഡ് നിയന്ത്റണങ്ങളുടെ പശ്ചാത്തലത്തിൽ വെബ്ബിനാർ അടക്കമുള്ള പരിപാടികളിലൂടെയാവും ബോധവത്കരണം. തുടർന്നുള്ള ഘട്ടങ്ങളിൽ പ്ലാസ്റ്റിക്ക് ഉപയോഗത്തിനെതിരെ പരിശോധനകൾ ശക്തമാക്കും. രണ്ട് ആർ.ഡി.ഒ മാരുടെ കീഴിലുള്ള സംഘങ്ങളാവും പരിശോധനകൾക്ക് നേതൃത്വം നൽകുക. പൊലീസ്, തദ്ദേശവകുപ്പ്, ആരോഗ്യം എന്നീ വകുപ്പുകളിൽ നിന്നുമുള്ള ഉദ്യോഗസ്ഥരും സംഘത്തിലുണ്ടാകും. കുറ്റക്കാർക്കെതിരെ കർശന നടപടിയെടുക്കാനും പിഴ ചുമത്താനും പരിശോധനാസംഘങ്ങളെ ചുമതലപ്പെടുത്തും. വ്യാപാര സ്ഥാപനങ്ങളിലടക്കം നിരോധിത പ്ലാസ്റ്റിക്ക് ഉപയോഗം പൂർണ്ണമായി ഒഴിവാക്കാനാൻ എല്ലാ നടപടികളും സ്വീകരിക്കും.
ജില്ലാ ലീഗൽ സർവ്വീസ് അതോറിട്ടി ചെയർമാൻ സബ്ബ് ജഡ്ജ് കെ.ജി ഉണ്ണിക്കൃഷ്ണൻ, ശുചിത്വ മിഷൻ, ഹരിത കേരള മിഷൻ ഉദ്യോഗസ്ഥർ, വിവിധ വകുപ്പുതല പ്രതിനിധികൾ എന്നിവരും യോഗത്തിൽ പങ്കെടുത്തു.
പഞ്ചായത്ത് തലത്തിൽ
പഞ്ചായത്ത് തലത്തിലുള്ള മാലിന്യ നിർമ്മാർജ്ജന പ്രവർത്തനങ്ങൾ കൃത്യമായി വിലയിരുത്തും. ഇതിനായി അധികൃതരുടെയും ഉദ്യോഗസ്ഥരുടേയും പ്രതിമാസ യോഗം ചേരും. പൊതുസ്ഥലങ്ങളിൽ ശൗചാലയ സൗകര്യങ്ങൾ ഒരുക്കാനുള്ള നടപടികൾ കാര്യക്ഷമമായി നടപ്പാക്കും .ആദ്യ ഘട്ടത്തിൽ നഗരസഭാ പ്രദേശങ്ങളിൽ ജെൻഡർ ഫ്രണ്ട്‌ലി ടോയ്ലറ്റുകൾ അടക്കമുള്ളവ സ്ഥാപിക്കാനാവും മുൻഗണന.
.........................................
1. ജില്ലയിലെ വഴിയോര വിശ്രമ കേന്ദ്രങ്ങളുടെ പ്രവർത്തനം കാര്യക്ഷമമാക്കും
2. ആലപ്പുഴ ബീച്ച് പ്ലാസ്റ്റിക്ക് നിരോധിത മേഖലയാക്കും
3. ബീച്ചിലെ ശൗചാലയങ്ങൾ കാര്യക്ഷമമാക്കും
4. പെട്രോൾ പമ്പുകളിൽ ശുചിമുറി സംവിധാനങ്ങൾ ഉറപ്പ് വരുത്താൻ പമ്പുടമകളുടെ യോഗം വിളിക്കും