ആലപ്പുഴ: പൊതുമേഖല സ്ഥാപനമായ കേരള സ്റ്റേറ്റ് ഡ്രഗ്‌സ് ആൻഡ് ഫാർമസ്യൂട്ടിക്കൽസ് (കെ.എസ്.ഡി.പി) മരുന്ന് നിർമ്മാണത്തിന് പുറമേ മെഡിക്കൽ ഉപകരണങ്ങളുടെ നിർമ്മാണവും നടപടി ആരംഭിച്ചു. മെഡിക്കൽ ഉപകരണങ്ങൾ നിർമ്മിക്കുന്ന സാങ്കേതികവിദ്യ കൈമാറുന്നതിനു വേണ്ടി കോഴിക്കോട് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ടെക്നോളജിയുമായി (എൻ.ഐ.ടി) ഇന്നലെ ധാരണാപത്രത്തിൽ ഒപ്പുവെച്ചു.
എമർജൻസി വെന്റിലേറ്റർ നിർമ്മിക്കാൻ എൻ.ഐ.ടി വികസിപ്പിച്ച സാങ്കേതികവിദ്യയാണ് കെ.എസ്.ഡി.പിക്ക് കൈമാറാൻ ധാരണയായത്. ചെയർമാൻ സി.ബി.ചന്ദ്രബാബുവിന്റെ സാന്നിദ്ധത്തിൽ കോഴിക്കോട് കാമ്പസിൽ എൻ.ഐ.ടി ഡയറക്ടർ ഡോ. ശിവജി ചക്രവർത്തിയും കെ.എസ്.ഡി.പി മാനേജിംഗ് ഡയറക്ടർ ശ്യമളയുമാണ് ധാരണാപത്രത്തിൽ ഒപ്പുവെച്ചത്.15 ദിവസത്തിനുള്ളിൽ സാങ്കേതികവിദ്യ കെ.എസ്.ഡി.പിക്ക് എൻ.ഐ.ടി കൈമാറും. തുടർന്ന് മെഡിക്കൽ എക്സാമിനഷന്റെ അനുമതിക്കായി അയയ്ക്കും. സെൻട്രൽ ഇൻസ്റ്റിസ്റ്റ്യൂട്ട് ഒഫ് സയൻസ് റിസർച്ച്, ശ്രീചിത്ര തിരുനാൾ ഇൻസ്റ്റിസ്റ്റ്യൂട്ട് ഒഫ് മെഡിക്കൽ സയൻസ് ടെക്നോളജിയുമായി വിവിധ മെഡിക്കൽ ഉപകരണങ്ങളുടെ നിർമ്മാണത്തിനായി കെ.എസ്.ഡി.പി അധികൃതർ ചർച്ച നടത്തുന്നുണ്ട്.
ഇപ്പോൾ പുതിയ കുത്തിവെപ്പു മരുന്നുകൾക്കുള്ള നോൺ ബീറ്റാലാക്ടം ഇൻജക്ടബിൾസ് പ്ലാന്റ് നിർമ്മാണം അവസാനഘട്ടത്തിലാണ്. ഡിസംബറിൽ കമ്മിഷൻ ചെയ്യാൻ ആദ്യം തീരുമാനിച്ചെങ്കിലും കൊവിഡ് മൂലം ഉദ്ഘാടന വൈകാനാണ് സാദ്ധ്യത. മരുന്നുകൾ നിർമ്മിക്കാനുള്ള അസ്റ്റപിക്ക് ബ്ലോ ഫിൽ സീൽ യന്ത്രങ്ങൾ സ്വിറ്റ്‌സർലാൻഡ് കമ്പനിയാണ് എത്തിക്കുക. മണിക്കൂറിൽ 2000 കുപ്പി മരുന്നുകൾ ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ് പുതിയ യന്ത്രം. ഡിസംബറോടെ യന്ത്രങ്ങൾ കമ്പനിയിലെത്തും. അവയവമാറ്റ ശസ്ത്രക്രിയയ്ക്ക് ശേഷം അനിവാര്യമായ മരുന്നുകളുടെ ഉത്പാദനത്തിനുള്ള പ്രവർത്തനങ്ങൾ നടക്കുന്നു. ഇതിനു സാധാരണഗതിയിൽ വേണ്ട അഞ്ച് മരുന്നുകൾ കുറഞ്ഞ വിലയിൽ വിപണിയിൽ എത്തിക്കും.
കാമ്പസിൽ നടന്ന ചടങ്ങിൽ എൻ.ഐ.ടി ഗവേഷണ വിഭാഗം ഡീൻ ഡോ. എസ്.അശോക്, സ്കൂൾ ഒഫ് മെക്കാനിക്കൽ സയൻസ് ആൻഡ് എൻജിനീയറിംഗ് വിസാഗം മേധാവി ഡോ. വി.സജിത്, ഗവേഷണ വിഭാഗത്തിൽ നിന്ന് അരുൺകുമാർ, കെ.ആർ.ആനന്ദൻ, കെ.എസ്.ഡി.പി പ്രോജക്ട് മാനേജർ ടി.എൽ.മോഹൻദാസ്, ഡെപ്യൂട്ടിമാനേജർ നവീൻകുമാർ എന്നിവരും ധാരണപത്രം ഒപ്പുവെയ്ക്കൽ ചടങ്ങിൽ പങ്കെടുത്തു.