s

 ലോട്ടറി ടിക്കറ്റ് വില്പനയിൽ വൻ ഇടിവ്

ആലപ്പുഴ : ദീർഘനാളത്തെ ഇടവേളയ്ക്കു ശേഷം ലോട്ടറി വില്പന പുനരാരംഭിച്ചെങ്കിലും വില്പനക്കാർക്ക് പറയാൻ പരാധീനതകൾ മാത്രം. ലോട്ടറിയെടുക്കുന്നവരുടെ എണ്ണത്തിലുണ്ടായ കുറവാണ് കാരണം. ലോക്ക് ഡൗൺ ആരംഭിക്കുന്നതിനു മുമ്പ് മുന്നൂറ് ടിക്കറ്റുകൾ വരെ ഒരുദിവസം വിറ്റിരുന്നവർക്ക് ഇപ്പോൾ വിൽക്കാനാകുന്നത് അമ്പതോളം ടിക്കറ്റുകൾ മാത്രം. വിൽപ്പന മൂന്നിലൊന്നായി കുറഞ്ഞതായി മൊത്തക്കച്ചവടക്കാരും പറയുന്നു.

മദ്യം കഴിഞ്ഞാൽ സ‌ർക്കാരിന് ഏറ്റവും കൂടുതൽ വരുമാനം ലഭിച്ചിരുന്ന മേഖലയാണ് ലോട്ടറി. മുമ്പ് പതിവായി കൂടുതൽ എണ്ണം ടിക്കറ്റ് എടുത്തിരുന്നവർ പോലും വരുമാനത്തിലുണ്ടായ ഇടിവും തൊഴിൽ നഷ്ടവും മൂലം ഇപ്പോൾ ലോട്ടറിയോട് മുഖംതിരിക്കുന്നു. വില 40 രൂപയിൽ നിന്ന് കുറയ്ക്കാത്തതും തിരിച്ചടിയായി. പഴയതുപോലെ 30 രൂപയിലേക്ക് വില കുറയ്ക്കണമെന്ന് ഏജന്റുമാർ നേരത്തേ മുതൽ ആവശ്യപ്പെട്ടിരുന്നതാണ്.

അശരണരും വികലാംഗരുമാണ് ലോട്ടറി വിതരണത്തെ ആശ്രയിച്ച് ഉപജീവനം നടത്തുന്നവരിൽ ഏറിയ പങ്കും. ജി.എസ്.ടി അടക്കമുള്ള തുക അടച്ചാണ് അവർ ഏജൻസികളിൽ നിന്ന് ടിക്കറ്റ് വാങ്ങുന്നത്. വിറ്റുപോകാത്ത ടിക്കറ്റുകൾ കൈയിൽ മിച്ചം വരുന്നത് ഇവർക്ക് ഇരട്ടി പ്രഹരമാകും. നാൽപ്പത് രൂപയുടെ ടിക്കറ്റിൻമേൽ ആറ് രൂപയാണ് കമ്മിഷനായി ലഭിക്കുക.

ഏജന്റുമാരുടെ ആവശ്യം

 സമ്മാനഘടനയിൽ കാര്യമായ മാറ്റം വരുത്തണം

 ചെറിയ സമ്മാനങ്ങളുടെ എണ്ണം വർദ്ധിപ്പിക്കണം

ടിക്കറ്റ് വില 30 ആയി നിജപ്പെടുത്തണം

ടിക്കറ്റ് വിലയും കമ്മിഷനും

 25 എണ്ണത്തിന്റെ ഒരു ബുക്കിന് 840 രൂപ

 ഇതു വിറ്റാൽ കിട്ടുക ആയിരം രൂപ

 കമ്മിഷനായി കിട്ടുന്നത് 160 രൂപ

 ചില ഏജൻസികൾ ഇതിൽ കൂടുതൽ കമ്മിഷൻ നൽകും

 ലോക്ക് ഡൗൺ സഹായം

ലോട്ടറി തൊഴിലാളികൾക്ക് ലോക്ക് ഡൗൺ കാലത്ത് ക്ഷേമനിധിയിൽ നിന്ന് ആയിരം രൂപ വീതം രണ്ട് തവണ ലഭിച്ചിരുന്നു. ടിക്കറ്റ് വാങ്ങുന്നതിനായി 3500 രൂപയുടെ കൂപ്പൺ നൽകി.

'' അശരണരായ ജനവിഭാഗം തൊഴിലെടുക്കുന്ന മേഖലയാണ് ലോട്ടറി വിൽപ്പന. നിലവിലെ സ്ഥിതി ദയനീയമാണ്. ഒന്നാം തിയതി മുതൽ എല്ലാ ദിവസവും നറുക്കെടുപ്പ് നടത്താനുള്ള തീരുമാനം പുനഃപരിശോധിച്ച് ആഴ്ചയിൽ മൂന്ന് ദിവസമാക്കണം. -

കെ.ദേവദാസ്, ആൾ കേരള ലോട്ടറി ഏജന്റ്സ് ആൻഡ് സെല്ലേഴ്സ് കോൺഗ്രസ് ജില്ലാ പ്രസിഡന്റ്