ആലപ്പുഴ: ആലപ്പുഴക്കാരുടെ ചിരകാലാഭിലാഷമായ ബൈപ്പാസ് നിർമ്മാണം അവസാന ലാപ്പിലേക്ക് കടന്നു. കുതിരപ്പന്തിയിലെ മേൽപ്പാലത്തിൽ ഗർഡറുകൾ സ്ഥാപിക്കുന്ന ജോലികൾ പൂർത്തിയായി. ഇനി കോൺക്രീറ്റ് ജോലിയും ടാറിംഗ് ജോലികളുമാണ് അവശേഷിക്കുന്നത്. ഇന്നലെയാണ് മുഴുവൻ ഗർഡറുകളും സ്ഥാപിച്ചതെന്ന് മന്ത്രി ജി.സുധാകരൻ അറിയിച്ചു. മാളികമുക്കിലെ മേൽപ്പാലത്തിൽ നേരത്തേ ഗർഡറുകൾ സ്ഥാപിച്ചിരുന്നു.
ആലപ്പുഴ ബൈപ്പാസ് നിർമ്മിക്കുന്നത് സംസ്ഥാന പൊതുമരാമത്ത് വകുപ്പിന്റെ ദേശീയപാത വിഭാഗമാണ്. 372 കോടി രൂപ അടങ്കൽ തുകയുടെ പകുതിയായ 176 കോടി രൂപ സംസ്ഥാന സർക്കാരിന്റെ വിഹിതമാണ്.
ഗർഡർ സ്ഥാപിക്കുന്നതിന് റെയിൽവേയുടെ അനുമതി ആവശ്യമായതിനാൽ അംഗീകാരം ലഭിക്കുന്നതിന് ഒരവർഷത്തോളം കാലതാമസം നേരിട്ടിരുന്നു. 2020 ജനുവരി മാസത്തിലാണ് മാളികമുക്ക് ഭാഗത്തെ ഗർഡർ സ്ഥാപിക്കുന്നതിന് റെയിൽവേയുടെ അനുമതി ലഭിച്ചത്. ജനുവരി അവസാന ആഴ്ചയോടെ ഇവിടെ ഗർഡർ സ്ഥാപിക്കാൻ കഴിഞ്ഞു. ഇപ്പോൾ അതിന്റെ കോൺക്രീറ്റിംഗ് പ്രവൃത്തി അവസാന ഘട്ടത്തിലാണ്.
ജൂൺ രണ്ടാം വാരമാണ് കുതിരപ്പന്തിയിൽ ഗർഡർ സ്ഥാപിക്കുന്നതിന് അനുമതി ലഭിച്ചത്. റെയിൽവേ ആറ് ദിവസങ്ങൾ മാത്രമാണ് സമയം അനുവദിച്ചത്. . നാല് ദിവസങ്ങൾ കൊണ്ട് ഇവിടുയ്യെ ഗർഡർ സ്ഥാപിക്കൽ പൂർത്തിയായി. ഇനി കോൺക്രീറ്റിംഗ് ജോലിയും ടാറിംഗ് ജോലിയുമാണ് അവശേഷിക്കുന്നത്. കാലാവസ്ഥ അനുയോജ്യമാണെങ്കിൽ സെപ്തംബർ മാസത്തോടെ ബൈപാസ് നാടിന് സമർപ്പിക്കാൻ കഴിയുമെന്ന് മന്ത്രി ജി.സുധാകരൻ അറിയിച്ചു.