photo

കണ്ണും മൂക്കും പൊത്തി അധികാരികൾ
ചാരുംമൂട്: നൂറനാട് ജംഗ്ഷന്റെ ഒത്ത നടുവി​ലായി​ നടത്തുന്ന മാലി​ന്യ നി​ക്ഷേപം നാട്ടുകാർക്ക് തലവേദനയാകുന്നു. സ്വകാര്യ വ്യക്തിയുടെ വസ്തുവിലാണ് ചീഞ്ഞളിഞ്ഞ മാലിന്യക്കൂമ്പാരം.

ഇതിന് തൊട്ടടുത്താണ് പാലമേൽ ഗ്രാമ പഞ്ചായത്ത് കാര്യാലയവും പൊലീസ് സ്റ്റേഷനും സ്റ്റേറ്റ് ബാങ്കും സ്ഥിതി ചെയ്യുന്നത്. ആർക്കും എപ്പോഴും മാലിന്യം നിക്ഷേപിച്ചു മടങ്ങാനുള്ള പൊതുഇടമായി ഇവിടം മാറി. നൂറുക്കണക്കിനു നാട്ടുകാർ ദിനംപ്രതി സഞ്ചരിക്കുന്ന റോഡിന് തൊട്ടടുത്താണ് ചീഞ്ഞുനാറുന്ന ഈ മാലിന്യകൂമ്പാരമുള്ളത്. മഴക്കാലമായതോടുകൂടി ചീഞ്ഞളിഞ്ഞ മാലിന്യം സാംക്രമിക രോഗങ്ങളുടെ പ്രഭവ കേന്ദ്രമായി​ മാറുമോ എന്ന ഭയത്തിലാണ് സമീപവാസികൾ.

ആരോഗ്യം വെള്ളത്തി​ലാകും

കായംകുളം - പുനലൂർ സംസ്ഥാന പാതയ്ക്കരി​കി​ലാണ് നൂറനാട് ജംഗ്ഷൻ. ഇവി​ടുത്തെ മാലി​ന്യനിക്ഷേപം ജനങ്ങളുടെ ആരോഗ്യത്തിന് വലി​യ വെല്ലുവിളിയാണ് ഉയർത്തുന്നത്. ദൂരസ്ഥലങ്ങളിൽ നിന്നു പോലും മാലിന്യങ്ങൾ കൊണ്ടുവന്ന് ഇവിടെ നിക്ഷേപിക്കുന്നതായി പരാതിയുണ്ട് . ഏതാനം മാസം മുമ്പുവരെ പ്രദേശവാസിയായ ഒരു കർഷകൻ ഈ സ്ഥലം പാട്ടവ്യവസ്ഥയിൽ ഏറ്റെടുത്ത് വെറ്റിലയും വാഴയും കൃഷി​ ചെയ്തിരുന്നു. പാട്ടക്കാലവധി അവസാനിച്ചതിനെത്തുടർന്ന് സ്ഥലം ഉടമസ്ഥനുമടക്കി നൽകി. അതിനു ശേഷമാണ് അത്ര പെട്ടന്ന് ആരുടെയും ശ്രദ്ധയി​ൽ പെടാത്ത ഈ സ്ഥലം മാലിന്യ നിക്ഷേപ കേന്ദ്രമായി മാറിയത് .

അധി​കൃതർക്ക് മൗനം

അറവുമാലിന്യങ്ങൾ, ഹോട്ടൽ ഭക്ഷണ അവശിഷ്ടങ്ങൾ, ബേക്കറി വേസ്റ്റ്, വ്യാപാര സ്ഥാപനങ്ങളിലെ ഉപയോഗശൂന്യമായ വസ്തുക്കൾ, പ്ലാസ്റ്റിക് മാലിന്യങ്ങൾ എന്നിവയാണ് നിക്ഷേപിച്ചിട്ടുള്ളത്. വസ്തുവിന്റെ ഉടമയെ സമീപിച്ച് ഇവിടം വൃത്തിയാക്കിപ്പിക്കുന്നതിനോ വസ്തുവിനു ചുറ്റും മതിൽ കെട്ടി സംരക്ഷിക്കുവാനോ പാലമേൽ തദ്ദേശ സ്വയംഭരണ സ്ഥാപനമോ ആരോഗ്യ പ്രവർത്തകരോ മെനക്കെടുന്നില്ലെന്ന ആക്ഷേപം ശക്തമാണ്.

.......................................

''

കുന്നുകൂടി കിടക്കുന്ന മാലിന്യങ്ങൾ ഇവിടെ നിന്നും അടിയന്തിരമായി നീക്കം ചെയ്യാനും വെറുതെ കിടക്കുന്ന സ്വകാര്യ വ്യക്തിയുടെ ഈ സ്ഥലം വേലി കെട്ടി സംരക്ഷിക്കുന്നതിനും വേണ്ട നടപടികൾ പഞ്ചായത്തിന്റെ ഭാഗത്തു നിന്നും അടിയന്തിരമായി ഉണ്ടാകണം

പ്രദേശവാസികൾ