ചേർത്തല: വഴിത്തർക്കത്തെ തുടർന്ന് വയോധികൻ കൊല്ലപ്പെട്ടത് തലയ്ക്കേറ്റ ക്ഷതം മൂലമാണെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്.
ചേർത്തല തെക്ക് പഞ്ചായത്ത് ഏഴാം വാർഡ് ആലുങ്കൽ മറ്റത്തിൽ മണിയൻ (78) ആണ് അയൽവാസികളായ സഹോദരങ്ങളുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. സംഭവുമായി ബന്ധപ്പെട്ട് പിടികൂടിയ കിഴക്കേ ആലുങ്കൽ നികർത്ത് സുന്ദരേശ്വരറാവു (40), സഹോദരൻ ശ്രീധരറാവു (30) എന്നിവരെ ചേർത്തല ജുഡിഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി രണ്ടിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.കൊവിഡ് പരിശോധനയ്ക്ക് വിധേയരാക്കിയ പ്രതികളെ കായംകുളത്ത് പൊലീസ് നിയന്ത്രണത്തിലുള്ള നിരീക്ഷണ കേന്ദ്രത്തിലാക്കി. 14 ദിവസത്തിന് ശേഷം ഇവരെ ജയിലിലേക്ക് മാറ്റും.
വീട്ടുമുറ്റത്തുകൂടി പ്രതികൾ ബൈക്ക് ഓടിച്ചത് മണിയൻ ചോദ്യം ചെയ്തതാണ് സംഘർഷത്തിന് കാരണമായത്. അടിയേറ്റുവീണ മണിയനെ നാട്ടുകാർ ചേർന്ന് ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും വഴിമദ്ധ്യേ മരിച്ചു. മദ്യലഹരിയിലായിരുന്ന പ്രതികളെ അവരുടെ വീട്ടിൽ നിന്നാണ് പൊലീസ് അറസ്റ്റ് ചെയ്തത്.