മാന്നാർ: കൊവിഡ് 19മായി ബന്ധപ്പെട്ട് തൊഴിൽമേഖലകളിൽ സംജാതമായിരിക്കുന്ന സ്തംഭനാവസ്ഥ പരിഹരിക്കുന്നതിന് കേന്ദ്ര സർക്കാർ പ്രത്യേക പാക്കേജിന് രൂപം നൽകണമെന്ന് കെ.പി.സി.സി വർക്കിംഗ് പ്രസിഡന്റ് കൊടിക്കുന്നിൽ സുരേഷ് എം.പി പറഞ്ഞു. മാന്നാർ അലിൻഡ് സ്വിച്ച് ഗിയർ എംപ്ലോയീസ് അസോസിയേഷൻ സംഘടിപ്പിച്ച തൊഴിലാളിസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അസോസിയേഷൻ പ്രസിഡന്റ് മാന്നാർ അബ്ദുൽ ലത്തീഫ് അധ്യക്ഷത വഹിച്ചു. 10 വർഷം അസോസിയേഷൻ ജനറൽ സെക്രട്ടറിയായി പ്രവർത്തിച്ച് അലിൻഡ് സ്വിച്ച് ഗിയർ ഡിവിഷനിൽ നിന്നും വിരമിക്കുന്ന സണ്ണി കോവിലകത്തിനെ യോഗം അനുമോദിച്ചു. ചെങ്ങന്നൂർ മുനിസിപ്പൽ ചെയർമാൻ കെ. ഷിബുരാജൻ, മാന്നാർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പ്രമോദ് കണ്ണാടിശ്ശേരിൽ, ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് രാധേഷ് കണ്ണന്നൂർ, മണ്ഡലം കോൺഗ്രസ് പ്രസിഡന്റുമാരായ ഹരി കുട്ടമ്പേരൂർ, ഷാജി കോവുമ്പുറം, എൻ. ശശിധരൻനായർ, ഡി. മോഹൻകുമാർ, ജോജി ജോർജ്, എസ്. ചന്ദ്രകുമാർ, എസ്. ബിജുദാസ്, ടി.വി. അരുൺകുമാർ, ഇ.കെ. സുശീലൻ എന്നിവർ പ്രസംഗിച്ചു.