krishi

മാന്നാർ : സമ്മിശ്ര കൃഷിയിൽ വിജയഗീതം രചിക്കുകയാണ് മാന്നാർ മധു മന്ദിരത്തിൽ ടി.വിജയലക്ഷ്മിയെന്ന അദ്ധ്യാപിക. കോഴിവളർത്തൽ,മത്സ്യ കൃഷി, പശുവളർത്തൽ,പച്ചക്കറികൃഷി... ഇങ്ങനെ വിവിധങ്ങളായ കൃഷികൾ

മാന്നാർ ഗ്രാമപഞ്ചായത്ത്‌ ഓഫീസ്‌, കൃഷി ഭവൻ എന്നിവയുടെ സമീപത്തുള്ള വിജയലക്ഷ്മി ടീച്ചറിന്റെ വീട്ടിലുണ്ട്.

നാലു വർഷത്തിലേറെയായി തുടരുന്ന ഈ കൃഷി വരുമാനത്തേക്കാളുപരി, രാസവളങ്ങൾ ചേരാത്ത പച്ചക്കറികൾ ഉത്പാദിപ്പിക്കുകയെന്ന ആഗ്രഹ പൂർത്തീകരണം കൂടിയാണ്‌. വീടിന്റെ മട്ടുപ്പാവിൽ പ്രത്യേകം സജ്ജമാക്കിയ കൂടിനുള്ളിൽ എണ്ണൂറോളം കോഴികളുണ്ട്. വഴുതനയും തക്കാളിയും ചേനയും ചേമ്പുമൊക്കെ വിളവെടുപ്പിനു പാകമായി. ഒരു ഭാഗത്ത്‌ പ്രത്യേകം തയ്യാർ ചെയ്ത പന്തലിൽ ആന്തൂറിയം കൃഷിയുമുണ്ട്.

പ്രഭാതമായാൽ ടീച്ചറിന്റെ വീട്ടു മുറ്റത്ത്‌ പാലും മുട്ടയും വാങ്ങാനെത്തുന്നവരുടെ തിരക്കാണ്‌. മാന്നാറിലെയും പരിസരപ്രദേശങ്ങളിലെയും ഒട്ടു മിക്ക കടകളിലേക്കും കോഴിമുട്ടകൾ എത്തുന്നത്‌ ഈ വീട്ടിൽ നിന്നുമാണ്‌. മുൻകൂർ ഓർഡർ നൽകുന്നവർക്കേ മുട്ട കിട്ടൂ. ഈ അദ്ധ്യാപികയുടെ കൃഷിയും കൃഷി രീതികളും കേട്ടറിഞ്ഞ്‌ കൃഷി ഓഫീസർ ഹരികുമാർ മാവേലിക്കര അഭിനന്ദനങ്ങളുമായെത്തി . എല്ലാവിധ പിന്തുണയും ടീച്ചർക്ക് വാഗ്ദാനം ചെയ്തു. ഖത്തറിൽ ജോലി ചെയ്യുന്ന മകൻ മനോജിന്റെ പ്രേരണയിലാണു കല്ലുമല ഉമ്പർനാട്‌ എൽ.പി.സ്കൂളിലെ അദ്ധ്യാപികയായ വിജയലക്ഷ്മി കൃഷിയിലേക്കിറങ്ങിയത്‌.. വിദേശത്ത്‌ ജോലി ചെയ്യുന്ന ഭർത്താവ്‌ മദുസൂദനൻ നായരുടെ പിന്തുണയുമുണ്ടായപ്പോൾ സമ്മിശ്ര കൃഷിയിൽ ടീച്ചർ വിജയം കൊയ്തു. ബി.എഡ്‌ വിദ്യാർത്ഥിനിയായ മകൾ പാർവ്വതിയും അമ്മക്ക്‌ സഹായവുമായി ഒപ്പമുണ്ട്‌.