 കാനകൾ വൃത്തിയാക്കൽ ഇഴയുന്നു

ആലപ്പുഴ: കാലവർഷം പടിവാതിലിൽ എത്തിയിട്ടും ആലപ്പുഴ നഗരത്തിലെ നീരൊഴുക്ക് നടപടികൾ ഇഴയുന്നു. ദേശീയപാത, പൊതുമരാമത്ത്, നഗരസഭ വിഭാഗങ്ങളുടെ ഉടമസ്ഥതയിലുള്ളതാണ് നഗരസഭയിലെ കാനകൾ.

വേണ്ടത്ര ഫണ്ട് സർക്കാർ നൽകുന്നുണ്ടെങ്കിലും ഉദ്യോഗസ്ഥരുടെ അനാസ്ഥമൂലം ശുചീകരണ പ്രവർത്തനങ്ങൾ നടന്നില്ല. മഴക്കാല പൂർവ ശുചീകരണ പ്രവർത്തനങ്ങളുടെ ഭാഗമായി നഗരസഭയുടെ 200 താത്കാലിക ശുചീകരണ തൊഴിലാളികളെ ഉപയോഗിച്ച് 80ശതമാനം കാനകളും വൃത്തിയാക്കിയെന്നാണ് നഗരസഭ അവകാശപ്പെടുന്നത്. എന്നാൽ നല്ലൊരു മഴ പെയ്താൽ നഗരത്തിലെ റോഡുകൾ തോടായി മാറും. നഗരത്തിൽ മാത്രം ഒൻപത് വലിയ കനാലുകളും 102 ചെറുതും വലുതുമായ തോടുകളുമുണ്ട്. ഈ തോടുകളിലൂലെ നീരൊഴുക്ക് സുഗമമായി നടക്കാത്തതും നഗരത്തിലെ റോഡുകൾ മുങ്ങാൻ കാരണമാകുന്നു.

തുമ്പോളി മുതൽ കളർകോട് വരെയുള്ള ദേശീയപാതയിലും കളർകോട് മുതൽ പക്കി ജംഗ്ഷൻ വരെയുള്ള പാതയോരത്തും ദേശീയപാത വിഭാഗത്തിന്റെ ഉടമസ്ഥതയിലുള്ള കാനകളാണ്. പിച്ചു അയ്യർ, എ.വി.ജെ, മുല്ലയ്ക്കൽ, തിരുവമ്പാടി, ജില്ലാക്കോടതി എന്നിവിടങ്ങളിലൂടെ കടന്നുപോകുന്നത് പൊതുമരാമത്ത് വകുപ്പിന്റെ കാനകളാണ്. നഗരത്തിലെ 52 വാർഡുകളിലും ഒരു കിലോമീറ്ററിലേറെയുള്ള കാനകളുണ്ട്. ഇതെല്ലാം നഗരസഭയുടെ ഉടമസ്ഥതയിലുള്ളതാണ്. നഗരത്തെ മഴക്കെടുതിയിൽ നിന്ന് രക്ഷിക്കാൻ ഒരുകോടി രൂപ ചെലവഴിച്ച് ചെറുതോടുകളുടെ നവീകരണം നടത്താൻ തീരുമാനിച്ചിട്ടുണ്ട്. ഷഢാമണി തോട്, റാണി തോടുകൾ ഉൾപ്പെടെ 102 ചെറുതോടുകളാണ് നവീകരിക്കുന്നത്.

..............................................

മഴ ശക്തിപ്രാപിക്കും മുമ്പേ മുഴുവൻ ചെറു തോടുകളുടെയും കാനകളുടെയും ശുചീകരണം പൂർത്തിയാക്കും. ഇതിന് വേണ്ടി ഒരുകോടി രൂപയുടെ ടെൻഡർ നടപടികൾ പൂർത്തികരിച്ചു

ഇല്ലിക്കൽ കുഞ്ഞുമോൻ, നഗരസഭ ചെയർമാൻ

.............................

ദേശീയപാത, പൊതുമരാമത്ത് വകുപ്പുകളുടെ കാനകൾ ശുചീകരിക്കാൻ സർക്കാർ ധാരാളം ഫണ്ട് അനുവദിച്ചെങ്കിലും ഉദ്യോഗസ്ഥർ തികഞ്ഞ അലംഭാവമാണ് കാട്ടുന്നത്. താത്കാലിക ജീവനക്കാരെ ഉപയോഗിച്ചുള്ള ശുചീകരണം പുരോഗമിക്കുകയാണ്

ബഷീർ കോയാപറമ്പിൽ, ചെയർമാൻ,വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി