s

 വൻകിട, ചെറുകിട ബാർബർ ഷോപ്പുകൾ തമ്മിൽ വേർതിരിവെന്ന് പരാതി

ആലപ്പുഴ: കൊവിഡ് കേസുകൾ വർദ്ധിക്കവേ, ബാർബർ - ബ്യൂട്ടീഷ്യൻ മേഖലയിൽ രണ്ടു നീതിയെന്ന് പരാതി.

സാധാരണ ബാർബർ ഷോപ്പുകളിൽ മുടിമുറിക്കാൻ മാത്രം അനുമതി നിലനിൽക്കേ, വൻകിട പാർലറുകളിൽ മറ്റ് സേവനങ്ങളും നൽകുന്നത് ശ്രദ്ധയിൽപ്പെട്ടെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനയെ സ്വാഗതം ചെയ്യുന്നതായി കേരള സ്റ്റേറ്റ് ബാർബേഴ്സ് ആൻഡ് ബ്യൂട്ടിഷ്യൻസ് അസോസിയേഷൻ പ്രതികരിച്ചു.

കൂടുതൽ മുതൽ മുടക്കോടെ പ്രവർത്തിക്കുന്ന കടകളിലാണ് നിയമലംഘനം നടക്കുന്നത്. ചെറിയ കടകളിലാവട്ടെ സാധാരണ ലഭിക്കുന്ന തൊഴിലിന്റെ 30 ശതമാനം പോലും ലഭിക്കുന്നില്ലെന്ന് ജീവനക്കാർ പറയുന്നു. കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കുന്നതിനാൽ ചെലവും വർദ്ധിച്ചു. മുടിവെട്ട് സമയത്ത് തുണിക്ക് പകരം പേപ്പർ ഷീറ്റുകളാണ് ഉപയോഗിക്കുന്നത്. ഈ ഇനത്തിൽ ഒരു ഉപഭോക്താവിന് പത്ത് രൂപ ചെലവാകും. കൂടാതെ എട്ട് രൂപയുടെ ഡിസ്പോസബിൾ കത്തിയാണ് ഷേവിംഗിന് ഉപയോഗിക്കുന്നത്. ഒറ്റത്തവണ ഉപയോഗമായതിനാൽ കൂടുതൽ ഡിസ്പോസിബിൾ കത്തികൾ വാങ്ങി സൂക്ഷിക്കണം. കൂടാതെ കടയ്ക്ക് വെളിയിൽ സോപ്പ്, ഉള്ളിൽ സാനിട്ടൈസർ എന്നിവയും നിർബന്ധമായും ഉണ്ടാവണം.

അന്യ സംസ്ഥാനക്കാർ ഉൾപ്പെടെ നിരവധി ജീവനക്കാരെ ഉപയോഗിച്ച് പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്ക് കേവലം കട്ടിംഗ് കൊണ്ട് മാത്രം പിടിച്ചുനിൽക്കാനാവില്ല. ചില സ്ഥാപന ഉടമകൾ ഇത്തരം തൊഴിലാളികളുടെ വിവരങ്ങൾ തൊഴിൽ വകുപ്പിനെ കൃത്യമായി അറിയിക്കുന്നില്ലെന്നും ആക്ഷേപമുണ്ട്. സാധാരണക്കാരുടെ വരുമാനത്തിൽ ഇടിവുണ്ടായതിന്റെ പ്രതിഫലനം ബാർബർ ഷോപ്പുകളിലും പ്രകടമാണ്. പലരും വീട്ടുകാരുടെ സഹായത്തോടെ മുടിവെട്ടുന്ന സാഹസത്തിലേക്ക് കടന്നിട്ടുണ്ട്!

..................................

ഉപഭോക്താക്കളുടെ എണ്ണം കുറഞ്ഞതും, ചെലവ് വർദ്ധിച്ചതും വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്. വരുമാനം നഷ്ടപ്പെട്ട ബാർബ‌ർ- ബ്യൂട്ടീഷ്യൻ തൊഴിലാളികൾക്ക് സാമ്പത്തിക പാക്കേജ് പ്രഖ്യാപിക്കണം

എസ്.മോഹനൻ, സംസ്ഥാന സെക്രട്ടറി, കേരള സ്റ്റേറ്റ് ബാർബേഴ്സ് ആൻഡ് ബ്യൂട്ടിഷ്യൻസ് അസോസിയേഷൻ

.........................................

ചെലവിന്റെ വഴി

# തുണിക്ക് പകരം പേപ്പർ ഷീറ്റ്

# സാധാരണ കത്തിക്ക് പകരം ഡിസ്പോസിബിൾ കത്തി

....................................................

 നിരക്ക്

കട്ടിംഗ് - 80 (മുതിർന്നവർ), 70 (കുട്ടികൾ)

ഷേവിംഗ്- 60, കട്ടിംഗ് ആൻഡ് ഷേവിംഗ് - 140,

താടി ഡ്രസിംഗ് - 70