ആലപ്പുഴ : വാഹനാപകടത്തിൽ പരിക്കേറ്റ് നാലരവർഷമായി തളർന്നു കിടപ്പിലായി ജോലിക്ക് ഹാജരാകാൻ കഴിയാതിരുന്ന തദ്ദേശസ്വയംഭരണ വകുപ്പ് ജീവനക്കാരന്റെ മകന് ആശ്രിതനിയമനം നൽകി സർക്കാർ. കൊല്ലം പന്മന വടക്കുംതല മല്ലയിൽ ഷറഫിന്റെ (53) മകൻ മിൽഹാന് നിയമനം നൽകാൻ ഇന്നലെ ചേർന്ന മന്ത്രിസഭായോഗമാണ് തീരുമാനിച്ചത്. തളർന്ന ശരീരവും തളരാത്ത മനസുമായി ഷറഫ് നടത്തിയ പരിശ്രമങ്ങളുടെ ശുഭസമാപ്തിയാണിത്. തദ്ദേശ സ്വയംഭരണ വകുപ്പിൽ സീനിയർ ക്ളാർക്കായിരുന്ന ഷറഫിന്റെ ജീവിതം താറുമാറാക്കിയത് തുടർച്ചയായുണ്ടായ രണ്ട് വാഹനാപകടങ്ങളാണ്. കഴിഞ്ഞ നാലര വർഷമായി ഒരേ കിടപ്പിലാണ്. താമസം വാടക വീട്ടിൽ. രണ്ട് മക്കളുടെ പഠനം, ചികിത്സാ ചെലവ്, വീട്ടു ചെലവ് എന്നിവയ്ക്ക് പണമില്ലാത്ത ഇദ്ദേഹത്തിന്റെ ദുരിതാവസ്ഥ 2019 സെപ്തംബർ ഒമ്പതിന് കേരളകൗമുദി പ്രസിദ്ധീകരിച്ചിരുന്നു.
ജീവിതം തകർത്ത അപടകടങ്ങൾ
പുലിയൂർ പഞ്ചായത്തിൽ ജോലി ചെയ്യുമ്പോൾ 2006 ലായിരുന്നു ആദ്യ അപകടം. ഷറഫിന്റെ സ്കൂട്ടർ മറ്റൊരു വാഹനവുമായി ഇടിച്ച് വലതുകാലിന്റെ സ്വാധീനം നഷ്ടമായി. പിന്നെ ട്രൈസ്കൂട്ടറിലായി യാത്ര. ആറാട്ടുപുഴ പഞ്ചായത്തിൽ ജോലി ചെയ്യുമ്പോൾ 2015ൽ ഓഫീസിൽ നിന്ന് വീട്ടിലേക്കു പോകുംവഴി ട്രൈസ്‌കൂട്ടറിൽ മറ്റൊരു വാഹനം ഇടിച്ചു. കഴുത്തിന് താഴേക്കുള്ള ചലന ശേഷിയും സ്പർശന ശേഷിയും നഷ്ടപ്പെട്ട് ജോലി ചെയ്യാനാവാത്ത സ്ഥിതിയിലായി. ഉണ്ടായിരുന്ന സമ്പാദ്യമെല്ലാം ചികിത്സയ്ക്ക് ചെലവിട്ടു. ഭാര്യ മുംതാസ് നിഷ തൊഴിൽ രഹിതയാണ്.
മന്ത്രി ജലീലിന്റെ കാരുണ്യം,
മുഖ്യമന്ത്രിയുടെ മനുഷ്യത്വം
തന്റെ സങ്കടങ്ങൾ പറയാൻ സെക്രട്ടേറിയറ്റ് വളപ്പിൽ ആംബുലൻസിലെത്തിയ ഷറഫിനെ അന്ന് വകുപ്പിന്റെ ചുമതലയുണ്ടായിരുന്ന മന്ത്രി കെ.ടി.ജലീൽ വന്നു കണ്ടു. സഹായം ചെയ്യാനുള്ള നടപടികൾ അദ്ദേഹം സ്വീകരിച്ചെങ്കിലും പലവിധ തടസങ്ങളായി. പിന്നീട് മന്ത്രി എ.സി.മൊയ്തീനും അനുഭാവപൂർവം ഫയൽ പരിഗണിച്ചു. കഴിഞ്ഞ ജനുവരിയിൽ കൊല്ലം ഗസ്റ്റ് ഹൗസ് പരിസരത്ത് മുഖ്യമന്ത്രിയെ കണ്ട് തന്റെ ദുരിതാവസ്ഥ ഷറഫ് ബോദ്ധ്യപ്പെടുത്തി. മുഖ്യമന്ത്രി ഇടപെട്ടതിന്റെ ഫലമാണ് ഇപ്പോൾ കുടുംബത്തിന് കിട്ടിയ സന്തോഷം.