ആലപ്പുഴ: തീരസംരക്ഷണ സമിതിയുടെ ആഭിമുഖ്യത്തിൽ തോട്ടപ്പള്ളി സ്പിൽവേ ചാനലിൽ നിൽപ്പ് സമരവും ജല നടത്തവും നടത്തി. പരിസ്ഥിതി സംഘടനകളായ ഗ്രീൻ റൂട്ട്‌സ്, ഗ്രീൻ എർത്ത് പ്രവർത്തകരും സമരത്തിൽ പങ്കാളികളായി. സ്പിൽവേ ചാനൽ ശക്തിയേറിയ ഡ്രഡ്ജറുകൾ ഉപയോഗിച്ച് ആഴം വർദ്ധിപ്പിക്കുക, കേടായ ഡ്രഡ്ജറുകൾ സ്പിൽവേ ചാനലിൽ നിന്നു നീക്കംചെയ്യുക, പാടശേഖരങ്ങളുടെ ബണ്ടുകൾ ബലപ്പെടുത്തുക, കരിമണൽ ഖനനം അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് പ്ലക്കാർഡുകളുമേന്തിയായിരുന്നു സമരം. സമിതി പ്രസിഡൻറ്റ് എസ്.സുരേഷ് കുമാർ ഉദ്ഘാടനം നിർവഹിച്ചു. തീരം സംരക്ഷണസമിതി വൈസ് ചെയർപേഴ്‌സൺ പി.കെ.സുഭദ്രാമണി അദ്ധ്യക്ഷത വഹിച്ചു. സമിതി സെക്രട്ടറി ഷിബു പ്രകാശ്, എ.എം.സാലി, എം.ആർ.ഓമനക്കുട്ടൻ, സജി ജയമോഹൻ, എസ്.ശ്യാംകുമാർ, ഡി.ദിനേശ് എന്നിവർ സംസാരിച്ചു.