ആലപ്പുഴ: കുട്ടനാട്ടിലെ രണ്ടാം കൃഷിയുടെ വിളവെടുപ്പും നെല്ല് സംഭരണവും പൂർത്തിയായി. രണ്ടാം വിളവെടുപ്പ് സീസണിൽ 1,42, 268 മെട്രിക് ടൺ നെല്ലാണ് സംഭരിച്ചത്.
കൊവിഡ് പശ്ചാത്തലത്തിൽ നെല്ല് സംഭരണം തടസപ്പെടാതിരിക്കാൻ മന്ത്റിസഭായോഗം വിളവെടുപ്പ് അവശ്യസർവീസായി പ്രഖ്യാപിച്ചിരുന്നു. തുടർന്ന്, മന്ത്റി ജി.സുധാകരന്റെ നേതൃത്വത്തിൽ പുരോഗതി വിലയിരുത്താൻ നിരവധി തവണ കളക്ടറേറ്റിൽ അവലോകന യോഗം കൂടി. കൂടാതെ മന്ത്റിമാരായ വി.എസ്.സുനിൽകുമാർ, പി.തിലോത്തമൻ എന്നിവരും കൊയ്ത്തും സംഭരണവും പൂർത്തിയാക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കുകയും ചെയ്തു.
നെല്ലിന്റെ ഗുണനിലവാരം നിശ്ചയിക്കുന്നതിലുള്ള തർക്കങ്ങൾ പരിഹരിക്കുന്നതിന് മന്ത്റിതല യോഗത്തിലെ തീരുമാനപ്രകാരം നാല് ഉദ്യോഗസ്ഥരെ കൂടുതലായി നിയോഗിച്ചു. കൂടാതെ സംഭരണ കാര്യങ്ങൾ പരിശോധിക്കാനായി കളക്ടറേറ്റിൽ നിന്ന് ഒരു വാഹനവും വിട്ടുനൽകി.
.........................................
കുട്ടനാട്ടിൽ നെല്ല് സംഭരിക്കാൻ എത്തിയത് 39 മില്ലുകളാണ്. 377.81 കോടി രൂപ കർഷകർക്ക് നൽകിക്കഴിഞ്ഞു. രണ്ടാം കൃഷിയിലെ 88 ശതമാനം തുകയും നൽകിക്കഴിഞ്ഞു. ശേഷിക്കുന്ന തുക 30നകം നൽകാൻ കഴിയും. നെല്ല് കിലോയ്ക്ക് 26.95 രൂപയ്ക്കാണ് സർക്കാർ സംഭരിക്കുന്നത്.
എസ്. രാജേഷ് കുമാർ,
പാഡി മാർക്കറ്റിംഗ് ഓഫീസർ