photo

ചേർത്തല: എസ്.എൻ.ഡി.പി യോഗം കണിച്ചുകുളങ്ങര യൂണിയൻ സെക്രട്ടറിയും മൈക്രോഫിനാൻസ് സ്​റ്റേ​റ്റ് കോ- ഓർഡിനേ​റ്ററും ബി.ഡി.ജെ.എസ് സംസ്ഥാന ജനറൽ സെക്രട്ടറിയുമായ കെ.കെ.മഹേശനെ (54) യൂണിയൻ ഓഫീസിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ഇന്നലെ രാവിലെ ഏഴു മണിയോടെ കണിച്ചുകുളങ്ങര പൊക്ലാശ്ശേരിയിലെ വീട്ടിൽ നിന്ന് മഹേശനെ കാണാതായതിനെ തുടർന്ന് ബന്ധുക്കൾ പലയിടങ്ങളിലും അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല. പത്തു മണിയോടെ യൂണിയൻ ഓഫീസ് തുറക്കാൻ ജീവനക്കാരൻ എത്തിയപ്പോൾ വാതിൽ അകത്തു നിന്ന് പൂട്ടിയിരിക്കുകയായിരുന്നു. മാരാരിക്കുളം പൊലീസ് എത്തി വാതിൽ പൊളിച്ച് അകത്തു കടന്നപ്പോഴാണ് മുറിയിലെ ഫാനിൽ മഹേശനെ തൂങ്ങി മരിച്ചനിലയിൽ കണ്ടത്. ആത്മഹത്യാകുറിപ്പും മ​റ്റു ചില രേഖകളും പൊലീസ് കണ്ടെടുത്തിട്ടുണ്ട്. മാരാരിക്കുളം വടക്ക് പഞ്ചായത്ത് നാലാം വാർഡിൽ കൂട്ടുങ്കൽ പരേതരായ കൃഷ്ണന്റെയും കല്യാണിയുടെയും ഏകമകനാണ്.

മൈക്രോ ഫിനാൻസ് വഴി പണം വിതരണം ചെയ്തതിൽ ക്രമക്കേടുണ്ടെന്നു കാട്ടി ചെങ്ങന്നൂർ യൂണിയനിൽ ഉൾപ്പെട്ടവർ നൽകിയ നാലു കേസുകളിൽ പ്രതി ചേർക്കപ്പെട്ടിരുന്ന മഹേശനെ ക്രൈംബ്രാഞ്ച് സംഘം ചൊവ്വാഴ്ച ഓഫീസിൽ വിളിച്ചുവരുത്തി ചോദ്യം ചെയ്തിരുന്നു. എസ്.എൻ.ഡി.പി.യോഗം ജനറൽ സെക്രട്ടറിക്കും ക്രൈംബ്രാഞ്ച് സി.ഐക്കും മഹേശൻ എഴുതിയ കത്ത് മരിക്കുന്നതിന് തൊട്ടു മുമ്പായി നവമാദ്ധ്യമങ്ങളിൽ പോസ്​റ്റ് ചെയ്തിരുന്നു.

എസ്.എൻ ട്രസ്​റ്റ് ചേർത്തല ആർ.ഡി.സി എക്‌സിക്യുട്ടീവ് കമ്മി​റ്റി അംഗമായി പ്രവർത്തിച്ചിരുന്ന കെ.കെ.മഹേശൻ ചേർത്തല, ചെമ്പഴന്തി,ചെങ്ങന്നൂർ,കുട്ടനാട് യൂണിയനുകളുടെ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി ഭാരവാഹിയായും പൂച്ചാക്കൽ ശ്രീകണ്ഠേശ്വരം എസ്.എൻ ഹയർസെക്കൻഡറി സ്കൂൾ മാനേജരായും പ്രവർത്തിച്ചിട്ടുണ്ട്. ദീർഘകാലമായി കണിച്ചുകുളങ്ങര ദേവസ്വം ട്രഷററാണ്. സംസ്കാരം വീട്ടുവളപ്പിൽ നടത്തി. ഭാര്യ.ഉഷാദേവി (അദ്ധ്യാപിക,എസ്.എൻ.വി എൽ.പി.സ്‌കൂൾ,മുഹമ്മ). മക്കൾ: ഹരികൃഷ്ണൻ (അസിസ്റ്റന്റ് മാനേജർ,കൊച്ചിൻ ഷിപ് യാർഡ്),എബിനു കൃഷ്ണൻ (എൻജിനിയറിംഗ് വിദ്യാർത്ഥി). മരുമകൾ: ഡോ.ആതിര.