ആലപ്പുഴ: മൈക്രോ ഫിനാൻസുമായി ബന്ധപ്പെട്ട കേസുകളിലെ മൊഴികളിൽ വ്യക്തത വരുത്താനുള്ള ചോദ്യം ചെയ്യലിൽ യോഗം കണിച്ചുകുളങ്ങര യൂണിയൻ സെക്രട്ടറി കെ.കെ.മഹേശൻ നല്ല രീതിയിൽ സഹകരിച്ചിരുന്നുവെന്ന് ക്രൈംബ്രാഞ്ച് അധികൃതർ വ്യക്തമാക്കി. ചൊവ്വാഴ്ചത്തെ ചോദ്യംചെയ്യലിനു ശേഷം വീട്ടിലെത്തിയ മഹേശനെ ഇന്നലെ അതിരാവിലെയാണ് കാണാതായത്. പത്തു മണിയോടെ യൂണിയൻ ഓഫീസിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയും ചെയ്തു.
ചെങ്ങന്നൂർ യൂണിയനിൽ ഉൾപ്പെട്ടവർ നൽകിയ നാലു കേസുകളിലാണ് മഹേശനെ പ്രതി ചേർത്തിട്ടുള്ളത്. മൈക്രോ ഫിനാൻസ് വഴി പണം വിതരണം ചെയ്തതിൽ ക്രമക്കേടുണ്ടെന്നാണ് പരാതികളിലെ ആരോപണം. നേരത്തെ അന്വേഷണ സംഘം മഹേശനെ വിളിച്ചുവരുത്തി മൊഴിയെടുത്തിരുന്നു. ഈ മൊഴികളിൽ പറഞ്ഞിട്ടുള്ള ചില കാര്യങ്ങളിൽ കൂടുതൽ വ്യക്തത വരുത്താനാണ് ചൊവ്വാഴ്ച വീണ്ടും വിളിപ്പിച്ചത്. ഉച്ചയ്ക്ക് ഒന്നരയ്ക്കു ശേഷം ക്രൈബ്രാഞ്ച് എസ്.പി പ്രശാന്തൻ കാണിയാണ് വിവരങ്ങൾ ചോദിച്ചറിഞ്ഞത്. പതിനഞ്ചു മിനിട്ട് മാത്രമായിരുന്നു ചോദ്യം ചെയ്യൽ. ചോദ്യങ്ങൾക്ക് ശാന്തമായി മറുപടി പറഞ്ഞ മഹേശന്റെ പെരുമാറ്റത്തിൽ എന്തെങ്കിലും അസ്വാഭാവികത തോന്നിയിരുന്നില്ലെന്ന് പ്രശാന്തൻ കാണി പറഞ്ഞു.
കേസുകളിൽ പറയുന്ന സാമ്പത്തിക ഇടപാടുകളെക്കുറിച്ചും മൈക്രോഫിനാൻസ് സംസ്ഥാന കോ ഓർഡിനേറ്റർ എന്ന നിലയിലെ മറ്റു കാര്യങ്ങളെക്കുറിച്ചുമുള്ള വിവരങ്ങളാണ് ക്രൈംബ്രാഞ്ച് സംഘം ചോദിച്ചറിഞ്ഞത്. കോ- ഓർഡിനേറ്റർ എന്ന നിലയിൽ സംസ്ഥാനത്ത് എല്ലാ ഭാഗങ്ങളിലും പോകേണ്ടിവന്നിട്ടുണ്ടെന്നും, അതിനുള്ള ടി.എ ആണ് താൻ കൈപ്പറ്റിയിട്ടുള്ളതെന്നും മഹേശൻ മറുപടി നൽകി. തനിക്കെതിരെ ഉയർന്നിട്ടുള്ള ആരോപണങ്ങൾ കെട്ടിച്ചമച്ചതാണെന്നും, ഒരു ക്രമക്കേടും നടത്തിയിട്ടില്ലെന്നും അന്വേഷണ ഉദ്യോഗസ്ഥനോട് മഹേശൻ പറഞ്ഞതായാണ് അറിയുന്നത്. നാലുകേസുകളിൽ ഒരെണ്ണത്തിൽ ഡിവൈ.എസ്.പി ഇസ്മയിലിനും മൂന്ന് കേസുകളിൽ ക്രൈംബ്രാഞ്ച് ഇൻസ്പെക്ടർ സന്തോഷിനുമാണ് അന്വേഷണ ചുമതല.