ചേർത്തല: എസ്.എൻ.ഡി.പി യോഗം കണിച്ചുകുളങ്ങര യൂണിയൻ സെക്രട്ടറി കെ.കെ.മഹേശന്റെ അകാല വേർപാട് അത്യന്തം ദുഖകരമാണെന്ന് യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. മി​കച്ചൊരു സംഘാടകനായി​രുന്നു. യോഗത്തിന്റെയും അനുബന്ധ സംഘടനകളുടെയും വളർച്ചയ്ക്ക് വേണ്ടി ദീർഘകാലം പ്രവർത്തിച്ച വ്യക്തിയാണ് മഹേശൻ. അതിനുള്ള അംഗീകാരം പ്രസ്ഥാനത്തിൽ നിന്നും ആദരവ് പൊതുജനങ്ങളിൽ നിന്നും അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. ആകസ്മി​കമായിട്ടാണ് മഹേശനെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഞെട്ടലോടെയാണ് ഈ വാർത്ത എസ്.എൻ.ഡി.പി യോഗം നേതാക്കളും പ്രവർത്തകരും അറിഞ്ഞത്. സംഭവവുമായി ബന്ധപ്പെട്ട് ആത്മഹത്യാകുറിപ്പും പലവിധ ചർച്ചകളും വ്യാപി​ക്കുന്ന സാഹചര്യത്തിൽ സമഗ്രമായ അന്വേഷണം നടത്തി യഥാർത്ഥ വസ്തുത പുറത്തുകൊണ്ടുവരണമെന്ന് വെള്ളാപ്പള്ളി ആവശ്യപ്പെട്ടു.