കുട്ടനാട് : മഴ പെയ്താൽ ചോർന്നൊലിക്കുന്ന, വെളിയനാട് സാമൂഹ്യാരോഗ്യ കേന്ദ്രത്തിൽ ചികിത്സ തേടി എത്തുന്ന രോഗികൾ ദുരിതത്തിൽ.
വെളിയനാട് പഞ്ചായത്ത് ഓഫീസിന്റെ മൂക്കിന് താഴെ പ്രവർത്തിക്കുന്ന സാമൂഹ്യാരോഗ്യകേന്ദം 2018ലെ പ്രളയത്തിൽ പൂർണ്ണമായി മുങ്ങിയിരുന്നു. കെട്ടിടത്തിന്റെ ഭിത്തികൾക്ക് വിള്ളൽ സംഭവിക്കുകയും മേൽക്കൂര ഭാഗികമായി തകരുകയും ചെയ്തു. ആശുപത്രി കെട്ടിടം പുനർനിർമ്മിക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കാൻ അധികൃതർ തയ്യാറാകാതിരുന്നതാണ് ഇപ്പോഴത്തെ ദുരവസ്ഥയ്ക്ക് കാരണമെന്ന് നാട്ടുകാർ ആരോപിച്ചു.
ഇപ്പോൾ മഴ പെയ്താൽ ഒരുതുള്ളിവെള്ളംപോലും പുറത്തുപോകാതെ മുഴുവനും ആശുപത്രിക്കുള്ളിൽ നിറയുന്ന സ്ഥിതിയാണ്.. കെട്ടിടംഏതുസമയവും നിലംപതിക്കാനുമിടയുണ്ട്. പൊതുമരാമത്ത് വകുപ്പ് എൻജിനിയറിംഗ് വിഭാഗത്തിന്റെ നേതൃത്വത്തിൽ നടന്ന പരിശോധനയിൽ കെട്ടിടം പ്രവർത്തനക്ഷമമല്ലെന്ന് കണ്ടെത്തുകയും രോഗികളെ കിടത്തിചികിത്സിക്കുന്നത് ഉൾപ്പെടെ വിലക്കുകയുംചെയ്തിരുന്നു. എന്നിട്ടും നടപടികൾ മുന്നോട്ടു നീങ്ങിയില്ല.കിടങ്ങറ, കുന്നങ്കരി, മുട്ടാർ, കുമരങ്കരി,കാവാലംതുടങ്ങിയ പ്രദേശങ്ങളിലെ നൂറ് കണക്കിന് ആളുകളാണ് ഇവിടെ നിത്യവുംചികിത്സ തേടി എത്തുന്നത്.