ചാരുംമൂട് : കോവിഡ് കാലത്ത് ക്ലാസ് റൂം പഠനം സാധ്യമാകാത്ത സാഹചര്യത്തിൽ വിദ്യാർത്ഥികൾക്ക് പഠന സൗകര്യം ഒരുക്കി താമരക്കുളം വിജ്ഞാന വിലാസിനി ഹയർ സെക്കൻഡറി സ്കൂൾ. ഓൺലൈൻ പഠന സൗകര്യങ്ങൾക്കായി 48 വിദ്യാർത്ഥികൾക്ക് ടി വി വിതരണം ചെയ്തു. സ്കൂൾ മാനേജ്മെന്റും,പൂർവ്വ വിദ്യാർത്ഥികളും,അദ്ധ്യാപകരും, എസ്.പി.സിയും കൈകോർത്തപ്പോൾ കഴിഞ്ഞ ദിവസം 48 വിദ്യാർത്ഥികൾക്കാണ് ടിവി വിതരണം ചെയ്തത്. ശില്പി ചുനക്കര രാജന്റെ മകൻ വിഷ്ണുരാജിന് അദ്ധ്യാപകർ നല്കുന്ന ചികിത്സാ സഹായവും ചടങ്ങിൽ കൈമാറി. ചടങ്ങിൽ പി.ടി.എ പ്രസിഡന്റ് എം. എസ് സലാമത്ത് അദ്ധ്യക്ഷനായി. സ്കൂൾ മാനേജർ പി. രാജേശ്വരി ഉദ്ഘാടനം നിർവ്വഹിച്ചു. ഹെഡ്മിസ്ട്രസ് സുനിത ഡി.പിളള മുഖ്യ പ്രഭാഷണം നടത്തി. പ്രിൻസിപ്പൽ ജിജി എച്ച്.നായർ നന്ദി പറഞ്ഞു. നൂറനാട് എസ്. ഐ ശ്രീശാന്ത് എസ്.നായർ, ഡെപ്യൂട്ടി എച്ച്. എം. എ. എൻ ശിവപ്രസാദ്, എ. മുരളീധരൻ, സ്റ്റാഫ് സെക്രട്ടറി സി.എസ് ഹരികൃഷ്ണൻ, സജി.കെ.വർഗീസ് എന്നിവർ സംസാരിച്ചു.