ചേർത്തല:ആരോഗ്യവകുപ്പിനായി പ്രവർത്തിച്ചിരുന്ന ആംബുലൻസ് കാനയിൽ വീണത് അറിയിച്ചതിനെ തുടർന്ന് എത്തിയ അഗ്നിശമനസേന വിഭാഗം കൊവിഡ് ഭീതിയിൽ തിരികെ മടങ്ങിയെന്നു പരാതി.

കൊവിഡ് പരിശോധനയ്ക്കായി സാമ്പിളുകൾ ശേഖരിച്ചിരുന്ന ആംബുലൻസാണ് ബുധനാഴ്ച 12 മണിയോടെ കണിച്ചുകുളങ്ങരയിലെ കാനയിൽ കുടുങ്ങിയത്. ചേർത്തല അഗ്നിശമനസേനയിൽ വിവരമറിയിച്ചതിനെ തുടർന്ന് ഒരു യൂണി​റ്റ് എത്തിയെങ്കിലും വണ്ടി കയറ്റാതെ മടങ്ങുകയായിരുന്നു. തുടർന്ന് ആരോഗ്യ വകുപ്പ് ജീവനക്കാർ മ​റ്റൊരു ആംബുലൻസ് എത്തിച്ചാണ് മൂന്നരയോടെ വണ്ടി കയ​റ്റിയത്. അഗ്നിശമനസേനയുടെ നടപടിക്കെതിരെ കളക്ടർക്ക് ആരോഗ്യവകുപ്പ് പരാതിയും നൽകി. കോവിഡ് സാമ്പിളുകൾ ശേഖരിക്കുന്ന ആംബുലൻസാണെന്നറിഞ്ഞപ്പോൾ പി.പി.ഇ കി​റ്റടക്കമുള്ള സുരക്ഷാ ഉപകരണങ്ങളില്ലാത്ത സാഹചര്യത്തിലാണ് പിന്മാറിയതെന്ന് അഗ്നിശമനസേനാ വിഭാഗം പ്രതികരിച്ചു.