അരൂർ: ദേശീയ പാതയോരത്ത് അരൂരിൽ പഴയ എയ്ഡ് പോസ്റ്റിന് സമീപം നാട്ടുകാർക്ക് ആരോഗ്യ ഭീഷണിയുയർത്തി വീണ്ടും മാലിന്യ നിക്ഷേപം .പ്ലാസ്റ്റിക് കവറുകളിലും ചാക്കുകളിലുമാക്കിയാണ് വൻതോതിൽ മാലിന്യം വാഹനങ്ങളിൽ കൊണ്ടുവന്ന് രാത്രിയുടെ മറവിൽ തള്ളുന്നത്.കഴിഞ്ഞ ദിവസം ബാർബർ ഷോപ്പിൽ നിന്നുള്ള തലമുടിയും ഉപയോഗിച്ച ബ്ലേഡുകളും ഷേവിംങ്ങ് വസ്തുക്കളും ചാക്കുകളിലാക്കി തളളിയ നിലയിൽ കാണപ്പെട്ടു. ലോറികളുൾപ്പടെയുള്ള വാഹനങ്ങൾ പാർക്ക് ചെയ്യുന്ന സ്ഥലത്ത് മാലിന്യം തള്ളുന്നത് പതിവാണ്. പഞ്ചായത്തിന്റെ നേതൃത്വത്തിൽ നേരത്തെയുണ്ടായിരുന്ന മാലിന്യ കൂമ്പാരം നീക്കി ശുചീകരിച്ച സ്ഥലത്താണ് വീണ്ടും മാലിന്യം നിക്ഷേപിക്കുന്നത്. കൊറോണ വ്യാപനം നിലനിൽക്കുന്ന സാഹചര്യത്തിൽ മാലിന്യ നിക്ഷേപം നടത്തിയവർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് പഞ്ചായത്ത് അധികൃതർ ആവശ്യപ്പെട്ടു. ഇതു സംബന്ധിച്ചു അരൂർ പൊലീസിലും ജില്ലാ പൊലീസ് മേധാവിയ്ക്കും പഞ്ചായത്ത് സെക്രട്ടറി പരാതി നൽകി.