ഡോ.ജി.നാഗേന്ദ്രപ്രഭുവിന്റെ കണ്ടെത്തൽ പ്രധാനമന്ത്രിക്ക് സമർപ്പിക്കും
ആലപ്പുഴ: കുളവാഴ സംസ്കരിച്ചെടുത്താൽ നിർമ്മിക്കാവുന്ന ഉത്പന്നങ്ങളെ കുറിച്ച് സമഗ്ര റിപ്പോർട്ട് പ്രധാനമന്ത്രിക്ക് സമർപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് ആലപ്പുഴ എസ്.ഡി കോളേജ് ജന്തുശാസ്ത്ര വിഭാഗം പ്രൊഫസർ ഡോ.ജി.നാഗേന്ദ്രപ്രഭു.
ഇതുമായി ബന്ധപ്പെട്ട് നടത്തിയ ഗവേഷണത്തെക്കുറിച്ച് കഴിഞ്ഞ പരിസ്ഥിതി ദിനത്തിൽ 'കേരളകൗമുദി 'പ്രസിദ്ധീകരിച്ച റിപ്പോർട്ട് ശ്രദ്ധയിൽപ്പെട്ട മിസോറാം മുൻ ഗവർണർ കുമ്മനം രാജശേഖരൻ കഴിഞ്ഞ ദിവസം നാഗേന്ദ്രപ്രഭുവിന്റെ ആലപ്പുഴയിലെ വീട്ടിലെത്തിയിരുന്നു. പരിസ്ഥിതി പ്രശ്നം ഒഴിവാക്കുന്നതിനൊപ്പം തൊഴിൽ സാദ്ധ്യതയുമുള്ളതിനാൽ ദേശീയതലത്തിൽ നടപ്പാക്കാവുന്ന പദ്ധതിയുടെ രൂപരേഖ തയ്യാറാക്കാൻ കുമ്മനം നിർദ്ദേശിച്ചു.
ശാസ്ത്ര- സാങ്കേതിക പരിസ്ഥിതി കൗൺസിലിന്റെ സാമ്പത്തിക സഹായത്തോടെ കുളവാഴയിൽ നിന്ന് വ്യാവസായികാടിസ്ഥാനത്തിലുള്ള ഉത്പന്ന നിർമ്മാണ പദ്ധതിക്ക് ജൂൺ ഒന്നിന് പ്രഭു തുടക്കമിട്ടിട്ടുണ്ട്. 22 വർഷമായി നടത്തുന്ന ഗവേഷണങ്ങളുടെ റിപ്പോർട്ട് പ്രധാനമന്ത്രിക്ക് അടുത്തമാസം സമർപ്പിക്കാനാവുമെന്നാണ് പ്രതീക്ഷ.
വരുന്നുണ്ട് കബംബയും
മിക്ക സംസ്ഥാനങ്ങളിലും ശുദ്ധജലത്തിന് വിനയായി ജലജന്യകളകളുണ്ട്.കേരളത്തിൽ കുളവാഴയും ആഫ്രിക്കൻ പായലുമായിരുന്നു വില്ലന്മാർ.'കബംബ 'എന്ന പുതിയൊരു വില്ലനും എത്തിയിട്ടുണ്ട്.വറ്റിത്തുടങ്ങുന്ന നദികളിൽ അടിത്തട്ടിൽ വേരുറപ്പിച്ചാണ് ഇവ വളരുന്നത്. ജലത്തെ വിഷമയമാക്കാൻ ഇതിന് സാധിക്കും.അഞ്ച് വർഷം മുമ്പ് കബംബയെക്കുറിച്ച് തുടങ്ങിയ പഠനം അധികം മുന്നോട്ടുപോയിട്ടില്ല.
..........................................
കുളവാഴ ഉത്പന്നങ്ങൾ
1. വിറകിന് പകരമായി കുളവാഴ ഉണക്കിയുള്ള 'ബ്രിക്കറ്റ് '
2. കുളവാഴപ്പൂക്കളിൽ നിന്ന് ചായം
3. കുളവാഴയും പച്ചക്കറി അവശിഷ്ടങ്ങളും ചേർത്തുണ്ടാക്കുന്ന പൾപ്പ് ഉപയോഗിച്ച് പ്ളേറ്റ്, ഗ്ളാസ്, ചെടിച്ചട്ടികൾ.
4. ബോർഡുകൾ നിർമ്മിക്കാനുള്ള പൾപ്പ്