*മാനസികമായി പീഡിപ്പിക്കാൻ കഴിഞ്ഞ ഒരു വർഷമായി ചിലർ ശ്രമിച്ചു

ചേർത്തല: എസ്.എൻ.ഡി.പി യോഗം കണിച്ചുകുളങ്ങര യൂണിയൻ സെക്രട്ടറി കെ.കെ.മഹേശന്റെ മരണവുമായി ബന്ധപ്പെട്ട സത്യാവസ്ഥ പുറത്ത് കൊണ്ടുവരാൻ സി.ബി.ഐ അന്വേഷണം നടത്തണമെന്ന് യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ആവശ്യപ്പെട്ടു. ആത്മഹത്യാക്കുറിപ്പിൽ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥർക്കെതിരെ ഉൾപ്പെടെ പരാമർശമുള്ള സാഹചര്യത്തിൽ, സമഗ്രമായ അന്വേഷണമാണ് ആവശ്യമെന്ന് കണിച്ചുകുളങ്ങരയിൽ അദ്ദേഹം മാദ്ധ്യമ പ്രവർത്തകരോട് പറഞ്ഞു.

ചേർത്തല യൂണിയൻ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മഹേശനെ സ്വഭാവഹത്യ നടത്തി മാനസികമായി പീഡിപ്പിക്കാനായിരുന്നു കഴിഞ്ഞ ഒരു വർഷമായി ചിലരുടെ ശ്രമം. നോട്ടീസടിച്ച് തേജോവധം ചെയ്യാനും ശ്രമിച്ചു.യൂണിയൻ ഭാരവാഹിത്വം കിട്ടാത്തവരാണ് ഇതിന് പിന്നിൽ.യൂണിയന്റെ സാമ്പത്തിക കാര്യങ്ങളിൽ മഹേശന്റെ ഇടപെടൽ സുതാര്യമായിരുന്നു.മൈക്രോഫിനാൻസിന്റെ സ്റ്റേറ്റ് കോ-ഓർഡിനേറ്ററായി പ്രവർത്തിച്ചതല്ലാതെ ഒരു രൂപയുടെയും സാമ്പത്തിക ഇടപാട് യൂണിയനുകളുമായി മഹേശൻ നടത്തിയിട്ടില്ല. ഇന്ന് പുകഴ്ത്തിപ്പറയുന്നവരാണ് നിരപരാധിയായ മഹേശനെ കേസിലേക്ക് വലിച്ചിഴച്ചത്. പൊലീസ് അകാരണമായി അറസ്റ്റ് ചെയ്യുമെന്ന് മഹേശൻ ഭയപ്പെട്ടിരുന്നു.പൊലീസ് കണ്ടെടുത്ത മഹേശന്റെ കൈപ്പടയിലുള്ള ഡയറിക്കുറിപ്പിൽ എല്ലാം വ്യക്തമാണ്. സമനില തെറ്റിയ അവസ്ഥയിലായിരുന്നു മഹേശൻ .പ്രയാസങ്ങൾ ചൂണ്ടിക്കാട്ടി തനിക്ക് കത്ത് നൽകിയിരുന്നു. അത് പുറത്ത് വിടില്ല.

പ്രശ്നം പരിഹരിക്കാമെന്ന് ഉറപ്പ് നൽകിയിരുന്നതാണ്. ഇത് ചർച്ച ചെയ്യാനിരുന്ന ദിവസമായിരുന്നു മരണം. മരണത്തിന്റെ പേരിൽ തന്നെയും യോഗത്തേയും നശിപ്പിക്കാനാണ് ചിലരുടെ ശ്രമം.ഞങ്ങൾക്കിടയിൽ യാതൊരഭിപ്രായ വ്യത്യാസവുമുണ്ടായിരുന്നില്ല. ഹൈക്കോടതി നിർദ്ദേശ പ്രകാരമാണ് മൈക്രോ ഫിനാൻസ് കേസുകൾ അന്വേഷിക്കുന്നത്. ആത്മഹത്യയ്ക്ക് പ്രേരിപ്പിച്ച ശക്തികളാരെന്ന് അന്വേഷിക്കണം.സുഭാഷ് വാസു അടക്കമുള്ളവരാണ് ഇതിന് പിന്നിൽ.മികച്ച സംഘാടകനും വാഗ്മിയുമായ മഹേശൻ എന്റെ വലം കൈയായിരുന്നു. അദ്ദേഹത്തിന്റെ വേർപാട് എനിക്കും, യോഗത്തിനും തീരാനഷ്ടമാണ്- വെള്ളാപ്പള്ളി പറഞ്ഞു.