ഏഴ് ദിവസത്തിനുള്ളിൽ കിലോയ്ക്ക് 70 രൂപ വരെ കുറഞ്ഞു
ആലപ്പുഴ: ഉപഭോക്താക്കൾക്ക് ആശ്വാസം പകരും വിധം ജില്ലയിൽ ഇറച്ചിക്കോഴിയുടെ വില കുത്തനെ ഇടിഞ്ഞു. കഴിഞ്ഞ ഏഴ് ദിവസത്തിനുള്ളിൽ കിലോഗ്രാമിന് ലൈവിന് 60രൂപയും മീറ്റിന് 70രൂപയുമാണ് കുറഞ്ഞത്. ഒരാഴ്ചമുമ്പ് 250രൂപ വിലയുണ്ടായിരുന്ന മീറ്റിന് ഇന്നലെ 180രൂപയായി. ലൈവിന് 160ൽ നിന്ന് 90രൂപയായി കുറഞ്ഞു.
മൊത്തവ്യാപാരികളുടെയും ഫാംഉടമകളുടെയും ഒത്തുകളിയിലാണ് നേരത്തേ വില കുത്തനെ ഉയർന്നത്. കട അടച്ചിട്ട് ചില്ലറവ്യാപാരികൾ നടത്തിയ പ്രതിഷേധത്തിനൊടുവിലാണ് വില കുറയ്ക്കാനിവർ തയ്യാറായത്.
ഒരു മാസം മുമ്പ് ഒരു കിലോയ്ക്ക് 70 രൂപയായിരുന്ന ഇറച്ചിക്കോഴിവില 250രൂപ വരെയായി പെട്ടെന്ന് ഉയരുകയായിരുന്നു. കോഴിക്ഷാമത്തിന്റെയും ജി.എസ്.ടിയുടെയും പേരിൽ മൊത്തവ്യാപാരികൾ തോന്നിയതുപോലെ വില വർദ്ധിപ്പിക്കുകയായിരുന്നെന്നാണ് ചില്ലറ വ്യാപാരികളുടെ ആരോപണം.
മൊത്തവ്യാപാരികൾ വിലകൂട്ടുമ്പോൾ ചില്ലറ വില്പനക്കാരും അതിന് ആനുപാതികമായി കൂട്ടേണ്ടി വരും. ചില്ലറ വില്പന പല വിലയിലാണ്. ട്രോളിംഗ് നിരോധനത്തെത്തുടർന്ന് മീനിന്റെ ക്ഷാമം ഉള്ളതിനാൽ ഇപ്പോൾ ഭൂരിഭാഗം കുടുംബങ്ങളുടെയും തീൻമേശയിലെ പ്രധാന വിഭവം ഇറച്ചിക്കോഴിയാണ്.
ഓരോജില്ലയിലും ആവശ്യത്തിന് ഫാമുകൾ ഉള്ളതിനാൽ ഇവിടെ നിന്നുള്ള കോഴികളെയാണ് മൊത്തവ്യാപാരികൾ ചില്ലറ വില്പനശാലകളിൽ എത്തിക്കുന്നത്. വില ഓരോ ദിവസവും കുതിച്ചുയർന്നത് ഉപഭോക്താക്കളെ പ്രതിസന്ധിയിലാക്കി. ചില്ലറ വില്പനക്കാർ നടത്തിയ കടയടപ്പു സമരത്തെ തുടർന്നാണ് ജില്ലാഭരണകൂടം ഏർപ്പെടുത്തിയ വിലനിയന്ത്രണം നീക്കിയത്.
ആഭ്യന്തര ഉത്പാദനം
70 : ആവശ്യമായ ഇറച്ചിക്കോഴികളുടെ 70ശതമാനം ആഭ്യന്തര ഫാമുകളിൽ ഉത്പാദിപ്പിക്കുന്നുണ്ട്
30 : 30ശതമാനംമാത്രമേ തമിഴ്‌നാട്ടിൽ നിന്ന് എത്തുന്നുള്ളൂ.
600 : ആലപ്പുഴയിൽ മാത്രം അറുന്നൂറോളം ഫാമുകൾ
5000 : തൃശൂരിൽ അയ്യായിരത്തിലധികം ഫാമുകളാണ് ഉള്ളത്.
" ഹോട്ടലുകൾ പ്രവർത്തിക്കാത്തതിനാൽ ലോക്ക്ഡൗണിന് മുമ്പ് ഉണ്ടായിരുന്ന കച്ചവടം 50ശതമാനം കുറഞ്ഞു. ഇപ്പോൾ വീട്ടുകാരുടെയും ലഘു ചടങ്ങുകളുടെയും കച്ചവടം മാത്രമാണ് ഇപ്പോഴുള്ളത്. വരും ദിവസങ്ങളിലും കോഴിവിലയിൽ വലിയ കുറവ് ഉണ്ടാകും.
കെ.എം.നസീർ, ജില്ലാ പ്രസിഡന്റ്,
ചിക്കൻ മർച്ചന്റ്സ് അസോസിയേഷൻ.
ഇറച്ചിക്കോഴി വില ഇന്നലെ (കിലോഗ്രാമിന്)
ലൈവ് ........150 - 160 രൂപ
മീറ്റ്...............250-260 രൂപ