ആലപ്പുഴ: പദ്ധതികൾക്ക് ഭരണാനുമതി ലഭിച്ചതിനുശേഷം പൂർത്തിയാകുന്നതുവരെയുള്ള ഓരോ ഘട്ടത്തിന്റെയും തീയതി വച്ചുള്ള കലണ്ടർ തയ്യാറാക്കാൻ വിവിധ വകുപ്പുകൾക്ക് മന്ത്റി തോമസ് ഐസക് കർശന നിർദ്ദേശം നൽകി.
സ്‌കൂൾ കെട്ടിടങ്ങളുടെ പണികൾ സമയ ബന്ധിതമായി തീർക്കുന്നതിന് മുൻഗണന നൽകണം. കളക്ടറുടെ ചേംബറിൽ ചേർന്ന പദ്ധതി അവലോകന യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്റി.
ആലപ്പുുഴ മണ്ഡലത്തിലെ മാരാരിക്കുളം എൽ.പി.എസ്., കാവുങ്കൽ, പൊന്നാട്, പൂന്തോപ്പിൽ ഭാഗം, തമ്പകച്ചുവട്, ശ്രീചിത്തിരവിലാസം, ആര്യാട് നോർത്ത്, വളവനാട് എൽ.പി.എസ്, പെരുന്നോർമംഗലം, പാതിരപ്പള്ളി വി.വി.എസ്.ഡി സ്‌കൂളുകളിൽ അനുവദിക്കപ്പെട്ട പ്രവൃത്തികൾ എത്രയും പെട്ടെന്ന് പൂർത്തിയാക്കണം.
തുമ്പോളി റെയിൽവേസ്റ്റേഷൻ- മാരാരിക്കുളം റോഡിന് 20 കോടി ഭരണാനുമതി ലഭിച്ചിട്ടുണ്ട്. മാരാരിക്കുളം ജംഗ്ഷനിൽ സിഗ്നൽ ലൈറ്റ് സ്ഥാപിക്കാൻ കെൽട്രോണിനെ ഏൽപ്പിക്കും. എം.എൽ.എ ഫണ്ടിൽ നിന്ന് എട്ട് ലക്ഷം രൂപ ഇതിന് ചെലവാക്കും.